ദില്ലി: രണ്ട് മാസം നീണ്ട ചൂടേറിയ പ്രചാരണകാലത്തിനൊടുവിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'കൂളാണ്'. പിയാനോയില്‍ രവീന്ദ്ര സംഗീതം വായിച്ച് തന്റെ ആതിയും ആവലാതിയും മറക്കുകയാണ് മമത. 'ആവോ ആവോ ദാവോ പ്രാണ്‍' എന്ന ഗാനമാണ് മമത ബാനര്‍ജി പിയാനോയില്‍ വായിച്ചത്.

സ്‌നേഹവും സമാധാനവും ആവശ്യപ്പെട്ട് ദൈവത്തെ വിളിക്കുന്ന ഗാനമാണ് മമത വായിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമത തന്നെയാണ് പിയാനേ വായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ‘വോട്ടെണ്ണല്‍ ദിനം ആഗതമാകുമ്പോള്‍ ഞാനെന്റെ മാതൃഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ഗാനം മാ മാതി മാനുഷിക്ക് വേണ്ടി സമര്‍പ്പിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് മമത വീഡിയോ പങ്കുവച്ചത്. 

സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ ഇതുവരെ ആറ് ലക്ഷം പേരാണ് കണ്ടത്. എഴുത്തും വരയും നാടകവുമെല്ലാം കൈവശമുള്ള മുഖ്യമന്ത്രികൂടിയാണ് മമത ബാനർജി.