Asianet News MalayalamAsianet News Malayalam

'എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ..': യുപിയിലെ മുസ്ലീം വോട്ടർമാരോട് മനേക ഗാന്ധി പറഞ്ഞതിങ്ങനെ...

പ്രസംഗത്തിലൂടെ മനേക ഗാന്ധി, വോട്ടുകൾ തന്നാലേ പകരം പ്രതിഫലമുണ്ടാകൂ എന്ന ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലായിരുന്നു മനേകയുടെ പ്രസംഗം. 

Maneka Gandhi Says Muslims Will Not Get Jobs if They Didnt vote for her
Author
Sultanpur, First Published Apr 12, 2019, 4:30 PM IST

സുൽത്താൻപൂർ: വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ച കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയുടെ പ്രസംഗം വിവാദത്തിൽ. എന്തായാലും താൻ മണ്ഡലത്തിൽ വിജയിക്കുകയാണെന്നും, എന്നാൽ മുസ്ലിങ്ങളുടെ വോട്ടില്ലാതെ വിജയിച്ചാൽ തനിക്ക് അത്ര സന്തോഷമുണ്ടാകില്ലെന്നും മനേക ഗാന്ധി പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാൽ, അത് പരിഗണിക്കുന്ന കാര്യം താൻ ആലോചിച്ചേ ചെയ്യൂ എന്നും ഭീഷണി സ്വരത്തിൽ മനേക ഗാന്ധി പ്രസംഗിക്കുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ സുൽത്താൻ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മനേകയുടെ പ്രസംഗം.

മനേകയുടെ പ്രസംഗത്തിന്‍റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: 'എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്‍റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്‍റെ അടുത്ത് വന്നാൽ ഇതാകും എന്‍റെ നിലപാട്.' - മനേക പറയുന്നു. 

''ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തിൽ ഞാൻ എന്ത് ചെയ്തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.'', എന്ന് മനേക.

ഇത്തവണ ഉത്തർപ്രദേശിലെ സുൽത്താൻ പൂരിലാണ് മനേക ഗാന്ധിയെ പാർട്ടി മത്സരിപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശം കൂടിയായ ഇവിടത്തെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മനേക ഗാന്ധിയുടെ മകൻ വരുൺ ഗാന്ധിയാണ് മത്സരിച്ചത്. ഇത്തവണ മണ്ഡലം പരസ്പരം മാറ്റിയാണ് ഇരുവരും മത്സരിക്കുന്നത്. കഴിഞ്ഞ തവണ മനേക മത്സരിച്ച് ജയിച്ച പിലിഭിത്തിൽ ഇത്തവണ വരുൺ ഗാന്ധി മത്സരിക്കുന്നു. 

മുസ്ലീംവോട്ടർമാരോട് ഭീഷണിസ്വരത്തിൽ സംസാരിക്കുന്ന മനേകയുടെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ഉറപ്പാണ്. വർഗീയത ഇളക്കിവിടുന്ന തരത്തിൽ പ്രസംഗങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്.

മനേകയുടെ മകൻ വരുൺ ഗാന്ധിയും മുസ്ലിം വോട്ടർമാരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചതിന് ജയിലിൽപ്പോയ ആളാണ്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നേരെ ഏതെങ്കിലും മുസ്ലിം ഒരു വിരലുയർത്തിയാൽ കൈ വെട്ടുമെന്നായിരുന്നു ഒരു പൊതുയോഗത്തിൽ വരുൺ പ്രസംഗിച്ചത്. 

Follow Us:
Download App:
  • android
  • ios