കാസർകോട്: മഞ്ചേശ്വരം ഉപതെരഞെടുപ്പ് നടപടിക്രമങ്ങൾ ചർച്ചചെയ്യുന്നതിനായി കാസർകോട് ജില്ലാ ഭരണകൂടം വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പ്രശ്ന ബാധിത ബൂത്തുകളുടെ കാര്യങ്ങളും തെരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. കൂടുതൽ ബൂത്തുകളിൽ തത്സമയ വെബ് സ്ട്രീമിംഗ് ഒരുക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടാൻ സാധ്യത ഉണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ കള്ളവോട്ട് ആരോപണങ്ങളും അന്വേഷണവും നടന്നത് വെബ് സ്ട്രീം ദൃശ്യങ്ങൾ പുറത്ത് വന്നതോടെയായിരുന്നു. കർണാടക, അതിർത്തി മണ്ഡലമായതിനാൽ അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക പരിശോധനയും സുരക്ഷയും ഒരുക്കുന്ന കാര്യവും ചർച്ചയാകും. വാഹന പരിശോധനക്കായി പ്രത്യേക ചെക്ക് പോസ്റ്റുകൾ ഒരുക്കാനാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.