വോട്ട് ചെയ്ത അടയാളവുമായെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിനും ഡീസലിനും ലിറ്ററിന് 50 പൈസ നിരക്കില്‍ കുറച്ച് നല്‍കുമെന്ന് ഡല്‍ഹിയിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനാ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

ജംഷഡ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വോട്ടു ചെയ്യുന്നവരെ സന്തോഷിപ്പിക്കാന്‍ ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികള്‍. രാവിലെ തന്നെ ക്യൂ നിന്ന് വോട്ടു ചെയ്തതിന്‍റെ അടയാളമായ ചൂണ്ടുവിരലില്‍ മഷിയുമായി എത്തുന്നവര്‍ക്ക് ഇന്ന് ബൈക്ക് വാങ്ങിയാല്‍ ആയിരം രൂപ കിഴിവാണ് ഓഫര്‍. രാജ്യത്ത് പോളിംഗ് ശതമാനം കൂട്ടാനും സമ്മതിദാനം വിനിയോഗിക്കാന്‍ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കാനും സമ്മാന പദ്ധതികളുമായി എത്തുന്ന വ്യാപാരികളുടെ സംഘടനയുടെ വാഗ്ദാനങ്ങളിലാണ് ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികളുടെ വാഗ്ദാനം.

വോട്ട് ചെയ്ത അടയാളവുമായെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിനും ഡീസലിനും ലിറ്ററിന് 50 പൈസ നിരക്കില്‍ കുറച്ച് നല്‍കുമെന്ന് ഡല്‍ഹിയിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനാ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ക്യൂ നിന്ന് വോട്ട് ചെയ്യാന്‍ ക്ഷമ കാട്ടുന്നവര്‍ക്ക് ഐസ്ക്രീമും വെള്ളവും മുതല്‍ പെട്രോളില്‍ വിലക്കുറവ് ഉള്‍പ്പെടെയുള്ള ആകര്‍ഷണീയമായ ഓഫറുകളുമായി വിവിധ സംസ്ഥാനങ്ങളില്‍ വ്യാപാരികളുടെ സംഘടനകളാണ് ഇത്തവണ രംഗത്ത വന്നിരിക്കുന്നത്.

ചൂണ്ടു വിരലില്‍ വോട്ട് ചെയ്ത മഷിയുമായെത്തുന്നവര്‍ക്കായി മറ്റ് ചില ഓഫറുകളും വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി- വ്യവസായി സംഘടനകളും മറ്റ് സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യൂ നിന്ന് വോട്ട് ചെയ്യുന്നവര്‍ക്ക് കുടിവെള്ളവും ഐസ്ക്രീ മും മുതല്‍ അഞ്ച് മുതല്‍30 ശതമാനം വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്ത് പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി അണിചേരാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആഹ്വാന പ്രകാരമാണ് ഓഫര്‍ പെരുമഴയുമായി സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്. വ്യാപാരി വ്യവസായികള്‍ക്ക് പുറമേ ദില്ലിയിലെ ചില ഡോക്ടര്‍മാരും ഇന്നത്തെ ദിനം ഓഫറുകളുമായി രംഗത്തുണ്ട്. 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ഡോക്ടര്‍മാര്‍ ഇന്നത്തെ ചികിത്സ സൗജന്യമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.