സ്റ്റാലിന് ക്ഷണം ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്നും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഡിഎംകെ രാജ്യസഭാ അംഗം ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ക്ഷണമില്ല. തമിഴ് നാട്ടില്‍ നിന്നുളള എല്ലാ എംപിമാര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നിരിക്കെയാണ് സ്റ്റാലിന് അവഗണന. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡിഎംകെയുടെ എംപിമാര്‍ക്കും ക്ഷണമുണ്ട്.

സ്റ്റാലിന് ക്ഷണം ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്നും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഡിഎംകെ രാജ്യസഭാ അംഗം ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. തമിഴ്നാടിനെ അവഗണിക്കുന്ന നടപടിയാണിതെന്ന് സ്റ്റാലിന്‍ പ്രതികരിച്ചതായി ഡിഎംകെയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ലോക്സഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടി ഡിഎംകെയാണ്. തമിഴ്നാട്ടില്‍ നിന്നും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഒ പനീര്‍ സെല്‍വം എഐഎഡിഎംകെ നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പ്രതിപക്ഷനിരയില്‍ പോരാട്ടം നയിച്ചവരില്‍ പ്രധാനിയാണ് സ്റ്റാലിന്‍. 9 രാഷ്ട്രത്തലവന്‍മാര്‍ അടക്കം 6000 പേര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നിരിക്കെയാണ് സ്റ്റാലിന് അവഗണന.