കാസർകോട്: കാസർകോട്ട്  ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്‍റെ ഗൾഫിലുള്ള മകന്‍റെ വോട്ട് വരെ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി മുസ്ലീം ലീഗ് രംഗത്ത്. കുഞ്ഞിരാമൻ എംഎൽഎയുടെ മകൻ മധുസൂദനന്‍റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തെന്നാണ് യുഡിഎഫ് ആരോപണം. വിദേശത്ത് താമസിക്കുന്ന മധുസൂദനൻ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ലീഗ് പറയുന്നു.

കൂട്ടക്കനി ജിയുപി സ്കൂളിൽ 132 ബൂത്തിലെ ഏഴാം വോട്ടറാണ് മധുസൂധനൻ. ഇയാളുടെ വോട്ട് സിപിഎം പ്രവർത്തകർ രേഖപ്പെടുത്തിയെന്നാണ് ലീഗ് ജില്ലാ പ്രസിഡന്‍റെ കമറുദ്ദീൻ ആരോപിക്കുന്നത്. എന്നാൽ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് എംഎൽഎ കുഞ്ഞിരാമൻ പ്രതികരിച്ചത്.
മകൻ നാട്ടിലുണ്ടോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. ലീഗിനെതിരെ ഉയർന്നു വരുന്ന കള്ളവോട്ട് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും എംഎൽഎ പറയുന്നു. 

യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ഉദുമയിൽ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. ഉദുമ നിയോജക മണ്ഡലത്തിലെ 126-ാം ബൂത്തിലെ 313-ാം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315-ാം വോട്ടർ ഉമ്മർ ഫാറൂഖ്, 1091-ാം വോട്ടർ ഫവാദ്, 1100-ാം വോട്ടർ സുഹൈൽ, 1168-ാം വോട്ടർ ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളതെന്നും ഇവരുടെ വോട്ട് മറ്റുള്ളവർ ചെയ്തുവെന്നും സിപിഎം ആരോപണം.

125-ാം ബൂത്തിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളിയ രണ്ട് പേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്. മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും ചെയ്ത കൂടുതൽ കള്ളവോട്ടുകളുടെ കണക്കെടുത്ത് പ്രാദേശിക ഘടകങ്ങൾക്ക് ഇടതു മുന്നണി നിർദ്ദേശം നൽകിയിട്ടുണ്ട്.