രാജീവ്‌ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന സത്യമല്ലെന്ന്‌ കോണ്‍ഗ്രസിലെ ഓരാള്‍ പോലും പറഞ്ഞിട്ടില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ അസ്വസ്ഥരാകുന്നതെന്ന്‌ മനസ്സിലാകുന്നില്ല. രാജീവ്‌ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന സത്യമല്ലെന്ന്‌ കോണ്‍ഗ്രസിലെ ഓരാള്‍ പോലും പറഞ്ഞിട്ടില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ ഇങ്ങനെ അസ്വസ്ഥരാകുന്നതെന്ന്‌ മനസ്സിലാകുന്നില്ല. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ച്‌ കളിയാക്കുകയോ പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയോ ചെയ്‌താല്‍ ഈ കോണ്‍ഗ്രസ്‌ 'എക്കോസിസ്‌റ്റം' ഒന്നിച്ച്‌ കയ്യടിക്കും. പക്ഷേ, അതേ രാഹുലിന്റെ പിതാവിനെക്കുറിച്ച്‌ സത്യം പറഞ്ഞുകേട്ടപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മോദി ആരോപിച്ചു.

താന്‍ രാജീവ്‌ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌ വസ്‌തുതാപരമായി തെറ്റാണെന്നോ രാജീവ്‌ അഴിമതിക്കാരനല്ലെന്നോ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ പോലും പറഞ്ഞിട്ടില്ലെന്നും മോദി അഭിപ്രായപ്പെട്ടു. നവ്‌ഭാരത്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.