ദില്ലി: തെരഞ്ഞെടുപ്പ് കാലത്തെ കടന്നാക്രമണങ്ങൾക്ക് ശേഷം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് ചരമവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ചരമവാർഷികത്തിൽ ആദരാഞ്ജലികൾ', എന്ന് മോദി ട്വീറ്റ് ചെയ്തു. 

പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദി രാജീവ് ഗാന്ധിക്കെതിരെ വൻ ആരോപണങ്ങളും കടന്നാക്രമണങ്ങളുമാണ് നടത്തിയത്. ഉത്തർപ്രദേശിൽ നടത്തിയ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ മോദി രാജീവിനെ 'ഭ്രഷ്ടാചാരി നമ്പർ 1' എന്ന് വിളിച്ചത് വിവാദമായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട്, ''അനുയായികൾ നിങ്ങളുടെ അച്ഛനെ, മിസ്റ്റർ ക്ലീൻ എന്നൊക്കെ വിളിച്ചേക്കാം. പക്ഷേ, അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നമ്പർ 1 (അഴിമതിക്കാരൻ) എന്ന പേരുദോഷവുമായാണ്', എന്നായിരുന്നു മോദി പറഞ്ഞത്.

മറ്റൊരു റാലിയിൽ, രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ 'ഐഎൻഎസ് വിരാട്' പേഴ്സണൽ ടാക്സിയായി ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. '1980-കളിൽ ലക്ഷദ്വീപിൽ അവധിക്കാലം ആഘോഷിക്കവേ രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ ഐഎൻഎസ് വിരാട് പേഴ്‍സണൽ ടാക്സിയായി ഉപയോഗിക്കുകയായിരുന്നു', എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. എന്നാൽ ഇതിനെ തള്ളിപ്പറഞ്ഞ്, അന്നത്തെ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം രംഗത്തുവരികയും ചെയ്തിരുന്നു.

1991 മെയ് 21-ന് തമിഴ്‍നാട്ടിലെ ശ്രീപെരുംബത്തൂരിൽ എൽടിടിഇ അംഗമായ ചാവേർ തനു നടത്തിയ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. ഇന്ത്യയുടെ യുവത്വത്തിന്‍റെ പ്രതീകമായി പലപ്പോഴും അടയാളപ്പെടുത്തപ്പെട്ട രാജീവ് ഗാന്ധി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 40-ാം വയസ്സിൽ അമ്മ ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. സുവർണക്ഷേത്രം വളഞ്ഞ് പരിശോധന നടത്തിയതിന്‍റെ രോഷത്തിൽ സിഖുകാരായിരുന്ന സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് 1984-ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.