ദില്ലി: തന്നെ വിഭജനങ്ങളുടെ തലവന്‍ എന്ന്‌ വിശേഷിപ്പിച്ച ടൈം മാഗസിന്‍ കവര്‍‌സ്റ്റോറിയെക്കുറിച്ച്‌ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലേഖനം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.

"ടൈം മാഗസിന്‍ വിദേശത്ത്‌ നിന്നുള്ളതാണ്‌. ലേഖകനും പറയുന്നു താന്‍ പാകിസ്‌താനിലെ രാഷ്ട്രീയകുടുംബത്തില്‍ നിന്ന്‌ വന്നയാളാണെന്ന്‌. അദ്ദേഹത്തിന്റെ വിശ്വാസ്യതയ്‌ക്ക്‌ അതു തന്നെ ധാരാളമല്ലേ" എന്നായിരുന്നു മോദി പ്രതികരിച്ചത്‌.

ആതീഷ്‌ തസീര്‍ ആയിരുന്നു ടൈം മാഗസിന്‌ വേണ്ടി മോദിയെക്കുറിച്ച്‌ കവര്‍ സ്റ്റോറി തയ്യാറാക്കിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം മുമ്പെങ്ങുമില്ലാത്ത വിധം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോദി-ഡിവൈഡര്‍ ഇന്‍ ചീഫ്‌ എന്ന ലേഖനത്തിലൂടെ തസീര്‍ പറഞ്ഞത്‌. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി പദവി, മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ സജീവമായതിനിടെ പുറത്തുവന്ന ലേഖനം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ലേഖകനെതിരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
--