മുംബൈ: തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മോദി തന്റെ ജാതിയെക്കുറിച്ച് ഓർക്കുന്നതെന്ന് മുന്‍ എംപിയും അംബേദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്ക്കര്‍. എൻഡിഎ സർക്കാരിന്റെ ഭരണത്തിൻകീഴിൽ പിന്നോക്ക വിഭാ​ഗത്തിലുള്ള വിദ്യാർഥികൾക്ക് അവരുടെ സ്കോളർഷിപ്പ് തുക ലഭിക്കുന്നില്ലെന്നും വാഞ്ചിത് ബഹുജന്‍ അഹാജി നേതാവ് കൂടിയായ പ്രകാശ് അംബേദ്ക്കർ കുറ്റപ്പെടുത്തി. വാഞ്ചിത് ബഹുജന്‍ അഹാജിതിന്റെ മഹാരാഷ്ട്രയിലെ ജൽന ലോക്സഭാ മണ്ഡ‍ലത്തിലെ സ്ഥാനാർത്ഥിയായ ശരദ് വാങ്കഡെയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുത്ത് സംസാ​രിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന കോൺ​ഗ്രസ് നേതാവായ അശോക് ചൗഹാനെയും പ്രകാശ് അംബേദ്ക്കർ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വരുകയാണെങ്കിൽ അശോക് ചൗഹാൻ പ്രതിയായ ആദർശ് ഹൗസിം​ഗ് സൊസൈറ്റി അഴിമതി കേസിൽ തുടക്കം മുതൽ അന്വേഷണം നടത്തുമെന്ന് പ്രകാശ് അംബേദ്ക്കർ പറഞ്ഞു. ജലസേചനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ പ്രതിയായ എൻസിപി നേതാവ് അജിത് പവാറിനെ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ സംരക്ഷിക്കുകയാണെന്നും പ്രകാശ് അംബേദ്ക്കർ കുറ്റപ്പെടുത്തി.