"കടലാസിലും വീഡിയോ ഗെയിമിലും മാത്രം മിന്നലാക്രമണം നടത്താനും ഞാനും ഞാനും (me too,me too) എന്ന്‌ വിളിച്ച്‌പറയാനും കോണ്‍ഗ്രസിനെക്കൊണ്ടേ കഴിയൂ"

ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്തും പാകിസ്‌താനെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ്‌ പ്രസ്‌താവനയോട്‌ പ്രതികരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട്‌ മാത്രമേ സാധിക്കൂ എന്നാണ്‌ മോദി പരിഹസിച്ചത്‌.

കടലാസിലോ വീഡിയോ ഗെയിമിലോ മാത്രം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ട്‌ കാര്യമില്ലെന്ന്‌ മോദി പറഞ്ഞു. കടലാസില്‍ മാത്രമായാണ്‌ മിന്നലാക്രമണങ്ങള്‍ നടത്തിയതെങ്കില്‍ അതിന്റെ എണ്ണം ആറ്‌ ആയാലും 25 ആയാലും പറഞ്ഞിട്ടെന്ത്‌ കാര്യമെന്നും മോദി ചോദിച്ചു.

"കോണ്‍ഗ്രസ്‌ പറയുന്നത്‌ ആറ്‌ മിന്നലാക്രമണങ്ങള്‍ നടത്തിയെന്നാണ്‌. തീവ്രവാദികള്‍ക്കോ പാകിസ്‌താന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന്‌ ഇന്ത്യക്കാര്‍ക്ക്‌ പോലും അറിയില്ല. റിമോട്ട്‌ കണ്‍ട്രോള്‍ ഭരണകാലത്ത്‌ സ്‌ട്രൈക്ക്‌ എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ? 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും(me tooo, me too) എന്ന്‌". മോദി പരിഹസിച്ചു. രാജസ്ഥാനിലെ സികാറില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.