ദില്ലി: വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്ന് സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാം ​ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ''പ്രിയപ്പെട്ട ഇന്ത്യൻ പൗരൻമാരെ, പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. എല്ലാ വോട്ടർമാരും പോളിം​ഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.''കൂടുതൽ യുവാക്കൾ വോട്ട് രേഖപ്പെടുത്താനെത്തുമെന്നാണ് തന്റെ പ്രത്യാശയെന്നും മോദി ട്വിറ്ററിൽ‌ കുറിക്കുന്നു.

ഉത്തർപ്രദേശ്, ഒഡീഷ, വെസ്റ്റ് ബം​ഗാൾ, തമിഴ്നാട്, ആസാം, ജമ്മു കാശ്മീർ, ബീഹാർ. ഛത്തീസ്​ഗണ്ഡ്, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ എന്നിവിങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിം​ഗും ഇന്നാണ് നടക്കുന്നത്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.