അഹമ്മദാബാദ്: വോട്ടവകാശമാണ് ജനാധിപത്യ രാജ്യത്തെ യഥാർത്ഥ ശക്തിയെന്നും സ്വന്തം നാട്ടിൽ വോട്ട് ചെ‌യ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് ചെയ്തതിന് ശേഷം‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോദി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് പകരം തുറന്ന ജീപ്പിലാണ് മോദി എത്തിയത്. ജനങ്ങൾക്ക് നേരെ കൈ വീശിയും കൂപ്പിയും പോളിം​ഗ് ബൂത്തിലേക്ക് നടന്ന മോദിക്കൊപ്പം വൻ സുരക്ഷാ സന്നാഹവുമുണ്ടായിരുന്നു.

അനുയായികളുടെ വന്ദേമാതരം വിളികൾക്കിടയിലൂടെയാണ് മോദി മാധ്യമങ്ങളോട് സംസാരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും കുടുംബവും മോദിയെ അനു​ഗമിച്ചിരുന്നു. ഷായുടെ പേരക്കുട്ടിയുടെ കൈപിടിച്ചാണ് മോദി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരണ്ട ചൂണ്ടുവിരൽ ഉയർത്തിക്കാണിച്ചാണ് മോദി പുറത്തേയ്ക്ക് വന്നത്. ഒപ്പം പാർട്ടി സ്ഥാനാർത്ഥി ഹ്സമുഖ്ഭായ് സോമഭായി പട്ടേലും ഉണ്ടായിരുന്നു. വോട്ട് ചെയ്യുന്നതിന് മുമ്പ് സ്ഥാനാർത്ഥിക്കൊപ്പം മോദി മിനി റോഡ് ഷോയും നടത്തിയിരുന്നു. ​ഗാന്ധി ന​ഗറിൽ താമസിക്കുന്ന അമ്മ ഹീരാബെന്നിനെ കണ്ട് കാൽ തൊട്ടു വണങ്ങി അനു​ഗ്രഹം വാങ്ങിയാണ് മോദി പോളിം​ഗ് ബൂത്തിലെത്തിയത്.