ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നാണ് രാജ്യത്തെ മുന്‍നിര താരങ്ങളോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. 

ദില്ലി: രാജ്യത്തെ യുവാക്കളെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സച്ചിന്‍, കോഹ്ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സഹായമാണ് മോദി ട്വിറ്ററിലൂടെ തേടിയത്. ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നാണ് രാജ്യത്തെ മുന്‍നിര താരങ്ങളോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മോദി ട്വിറ്ററില്‍ ടാഗ് ചെയ്തത്. 

യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയനേതാക്കള്‍, അഭിനേതാക്കള്‍, കായികതാരങ്ങള്‍ എന്നിവരെയാണ് മോദി ഇതിനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതിന്‍റെ പ്രാധാന്യം യുവാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. രണ്‍വീര്‍ സിങ്ങിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഗല്ലി ബോയി'ലെയും വിക്കി കൗശലിന്‍റെ 'ഉറി' എന്ന ചിത്രത്തിലെയും ശ്രദ്ധേയമായ ഡയലോഗുകള്‍ ഉദ്ധരിച്ചാണ് മോദിയുടെ ട്വീറ്റുകള്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രത്തന്‍ ടാറ്റ, എ ആര്‍ റഹ്മാന്‍, ലത മങ്കേഷ്‌കര്‍, പി വി സിന്ധു, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കും പ്രധാനമന്ത്രി വെവ്വേറെ ട്വീറ്റുകള്‍ ടാഗ് ചെയ്തിട്ടുണ്ട്. താരങ്ങള്‍ക്കു പുറമേ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, നിതീഷ് കുമാര്‍, എച്ച്.ഡി കുമാരസ്വാമി തുടങ്ങിയ രാഷ്ട്രീയനേതാക്കളോടും മോദി ഇക്കാര്യം ആവശ്യപ്പെട്ടു.

 മുന്‍ ക്രിക്കറ്റ് താരങ്ങളായ സേവാഗും വിവിഎസ് ലക്ഷ്മണനും അനില്‍ കുംബ്ലെയും ഈ നീണ്ട നിരയില്‍ ഉള്‍പ്പെടുന്നു. ആര്‍ എസ് എസ്, എന്‍ എസ് എസ് എന്നീ സംഘടകളോടും നെഹ്രു യുവകേന്ദ്ര, എന്‍ സി സി എന്നിവയോടും യുവാക്കളെ ആകര്‍ഷിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ ആഹ്വാനത്തോട് ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ട്വിറ്റര്‍.


Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…