ദില്ലി: രാജ്യത്തിന്‍റെ 'നാളെ' ഇനി ബിജെപിക്കൊപ്പം. ഒറ്റയ്ക്ക് മുന്നൂറ് സീറ്റുകൾ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്തി, കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുകയാണ്. നരേന്ദ്രമോദി എന്ന ഐക്കണിനെ ചുറ്റിപ്പറ്റിയുള്ള വമ്പൻ വിജയം. ഇനി എൻഡിഎ 2.0-യുടെ കാലമാണ്. 

ആറാഴ്ച നീണ്ട, ആവേശം കൊടികയറിയ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. 543 സീറ്റുകളിൽ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ ഇതിൽ 272 സീറ്റുകൾ വേണം. 2014-ൽ 282 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവലഭൂുരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. അതേ, വിജയത്തിളക്കം, സീറ്റുകളുടെ എണ്ണം കൂട്ടി മോദി ആവർത്തിച്ചിരിക്കുന്നു. 

ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമടക്കമുള്ളവർ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. എക്സിറ്റ് പോളുകൾ അപ്പാടെ തെറ്റാമെന്ന് പ്രവചിച്ച ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വിജയികളെ അഭിനന്ദിച്ച് രംഗത്തെത്തി. 

ദില്ലിയിൽ ബിജെപി നേതൃയോഗം

ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഇനിയെന്തൊക്കെ നടപടികൾ വേണമെന്ന കാര്യങ്ങൾ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചരയോടെ ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറ് മണിയോടെ മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25-ന് ദില്ലിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്. അതായത് പിറ്റേന്നാകും സത്യപ്രതിജ്ഞാ ചടങ്ങുകളെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, വാരാണസിയിൽ സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും സജീവമാണ്. 

ഹൃദയഭൂമിയിൽ ബിജെപി

ഹിന്ദി ഹൃദയഭൂമിയിലെ വോട്ട് ബാങ്കുകൾ തിരിച്ചു പിടിച്ചും, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വിജയം ഉറപ്പിച്ചും, ബംഗാളിലും ഒഡിഷയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ വോട്ട് ബാങ്കുകൾ തുറന്നുമാണ് ബിജെപിയുടെ വിജയം. തെക്കേ ഇന്ത്യയിൽ കർണാടകയിലും ബിജെപി വോട്ട് ബാങ്ക് തിരിച്ചു പിടിച്ചു. 

ഇത് ഇന്ത്യയുടെ വിജയമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യപ്രതികരണം, അതും ട്വിറ്ററിലൂടെ.

'നമ്മളൊന്നിച്ച് വളരാം. നമുക്കൊന്നിച്ച് പുരോഗതിയിലേക്ക് കുതിക്കാം. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ കെട്ടിപ്പടുക്കാം. രാജ്യം വീണ്ടും വിജയിച്ചിരിക്കുന്നു'', മോദി ട്വീറ്റ് ചെയ്തു. 

ആദ്യമണിക്കൂറിൽത്തന്നെ ലീഡ് നിലയിൽ എൻഡിഎ മുന്നണി ഇരുന്നൂറെന്ന സംഖ്യ കടന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്ക്, കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ എൻഡിഎ എത്തി. പിന്നീടങ്ങോട്ട് അരമണിക്കൂറിനുള്ളിൽ മുന്നൂറ് സീറ്റ് പിന്നിട്ടു. ആദ്യ നാല് മണിക്കൂറിന് ശേഷം, മുന്നൂറ്റമ്പതോളം സീറ്റുകളിൽ മുന്നേറുകയാണ് എൻഡിഎ.

 

2014 ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായിരുന്നു.

ഗുജറാത്തിലും ദില്ലിയിലും ബിഹാറിലും എല്ലാ സീറ്റുകളിലും മഹാരാഷ്ട്രയിൽ മികച്ച നേട്ടമുണ്ടാക്കിയും മുന്നേറുകയാണ് ബിജെപി. ആറ് മാസം മുമ്പ്, ലോക്സഭാ തെരഞ്ഞെടുപ്പിലെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽപ്പോലും കോൺഗ്രസിന് അടി തെറ്റി. 

ഉത്തർപ്രദേശിൽ മഹാസഖ്യത്തിനേക്കാൾ മികച്ച ലീഡ് ബിജെപിക്കാണ്. എസ്‍പിയും ബിഎസ്‍പിയും തമ്മിലുള്ള മഹാഗഡ്ബന്ധൻ തകർന്നടിഞ്ഞു. കോൺഗ്രസിനും ഇവിടെ രക്ഷയുണ്ടായില്ല. 

ജനതാദൾ - കോൺഗ്രസ് സഖ്യം, ബിജെപിയുടെ ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന യെദ്യൂരപ്പയുടെ ബിജെപി സർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ അതേ ദിവസം ബിജെപി കർണാടത്തിലെ വോട്ട് ബാങ്കുകൾ തിരിച്ചു പിടിക്കുകയാണ്. കോൺഗ്രസും ജനതാദളും തമ്മിലുള്ള ഭിന്നത അതിന്‍റെ പാരമ്യത്തിലെത്തി, സർക്കാർ താഴെ വീഴുമെന്ന ഭീഷണി നിലനിൽക്കെയാണ് ബിജെപിയുടെ സംസ്ഥാനത്തെ മുന്നേറ്റം.

ആന്ധ്രാപ്രദേശിലാകട്ടെ, പ്രതിപക്ഷസഖ്യത്തിന്‍റെ മുഖമായിരുന്ന ചന്ദ്രബാബു നായിഡുവിനെ തറപറ്റിച്ച് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്‍റെ തേരോട്ടമാണ്. 175 നിയമസഭാ സീറ്റിൽ 144-ലും 25 ലോക്സഭാ സീറ്റിൽ എല്ലാറ്റിലും ജഗന്‍റെ പാർട്ടി മുന്നിൽ.

കോൺഗ്രസിനാകെ ആശ്വാസം കേരളത്തിലും പഞ്ചാബിലും തമിഴ്‍നാട്ടിലുമാണ്. കേരളത്തിൽ മികച്ച ലീഡ് നില പുലർത്തുന്ന കോൺഗ്രസിന് കേരളത്തിൽ ആകെ 20 സീറ്റുകളിൽ 19 സീറ്റുകളിലും യുഡിഎഫ് മുന്നിലാണ്. തമിഴ്‍നാട്ടിലാകട്ടെ ഡിഎംകെ സഖ്യം മികച്ച ഫോമിലാണ്. തമിഴ്‍നാട്ടിൽ അണ്ണാഡിഎംകെ സർക്കാരുമായി സഖ്യത്തിലെത്തിയത് പരാജയമായിരുന്നു. ലോക്സഭാ സീറ്റുകളിൽ ഭൂരിപക്ഷം ചുരുങ്ങിയെങ്കിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം നേടി സർക്കാർ നിലനിർത്താമെന്ന പ്രതീക്ഷയാണ് അണ്ണാ ഡിഎംകെയ്ക്ക്..

Read More: എൻഡിഎ 2.0 അണിയറയിൽ ഒരുങ്ങുമ്പോൾ മോദിയുടെ അഞ്ച് വർഷം എങ്ങനെ? റിപ്പോർട്ട് കാർഡ്

ഇനി എൻഡിഎ 2.0 സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും എൻഡിഎ സഖ്യകക്ഷിയോഗത്തിൽ പുതിയ സർക്കാരിന്‍റെ നയരൂപീകരണത്തിന്‍റെ ബ്ലൂപ്രിന്‍റിൽ ഒപ്പു വച്ചു.

എക്സിറ്റ് പോളുകളിൽ നിന്ന് ലഭിച്ച ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഭരണകാലത്തെ നയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ എൻഡിഎ സർക്കാരിന്‍റെ നയങ്ങളുടെ കേന്ദ്രബിന്ദുക്കൾ മൂന്നാണ്: ദേശീയത, ദേശസുരക്ഷ, വികസനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പുതിയ നയത്തിലും ആവർത്തിക്കുന്നു. സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾക്കുള്ള ഊന്നലും നയങ്ങളിലുണ്ട്. 

നാളെ ദില്ലിയിൽ കേന്ദ്രമന്ത്രിസഭാ യോഗം ബിജെപി വിളിച്ചു ചേർത്തിട്ടുണ്ട്. എല്ലാ കേന്ദ്രമന്ത്രിമാരും സ്വന്തം മന്ത്രാലയങ്ങളിൽ തിരിച്ചെത്തി ജോലികൾ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ നൂറ് ദിനത്തിന്‍റെ അജണ്ട തയ്യാറാക്കുകയാണ് മന്ത്രിമാരുടെ ആദ്യ ജോലി. 

''കഴിഞ്ഞ അഞ്ച് വർഷത്തിൽ ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഇനി വികസനത്തിന്‍റെ വേഗം കൂട്ടാനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും'', രാജ്‍നാഥ് സിംഗ് പറഞ്ഞു.