ബെംഗലുരു: മോദിയെ ഭാര്യ ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ മുഖം നല്ലതല്ലാത്തത് കൊണ്ടാണെന്ന് കർണ്ണാടക മന്ത്രി. സമീർ അഹമ്മദ് ഖാനാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ ഇക്കുറിയും മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി മോദിയുടെ മുഖം നോക്കി വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ടതാണ് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നിൽ.

ഹാവേരി ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി ശിവകുമാർ ഉദ്ദാസി മോദിയുടെ മുഖത്തിന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടത് എന്തിനാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.

"ശിവകുമാർ ഉദ്ദാസി രണ്ട് തവണയായി എംപിയായി വിജയിച്ച ആളാണ്. അദ്ദേഹം പറയുന്നത് തന്റെ മുഖത്ത് നോക്കരുത്, മോദിയുടെ മുഖത്ത് നോക്കൂ എന്നാണ്. മോദിയുടെ മുഖത്തിന് വോട്ട് നൽകൂ എന്നാണ്. അദ്ദേഹത്തിന്റെ മുഖം നല്ലതല്ലാത്തത് കൊണ്ടാണ് ഭാര്യ ഉപേക്ഷിച്ചത്. ആ മുഖത്തിന് ജനങ്ങൾ വോട്ട് ചെയ്യണമെന്നാണോ?" ഖാൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.