ഇന്ത്യയുടെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ നേരില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങളൊക്കെ അദ്ദേഹത്തെ മോഹന്‍ലാല്‍ ജീ എന്നാണ് വിളിക്കാറ് - അല്‍ഫോണ്‍സ് കണ്ണന്താനം. 

കൊച്ചി: സ്വന്തം മണ്ഡലത്തിലെ വോട്ടർ അല്ലെങ്കിലും നടൻ മോഹൻലാലിനെ കാണാനുള്ള തിരക്കിലായിരുന്നു എറണാകുളം,തൃശൂർ മണ്ഡലത്തിലെ വിവിധ സ്ഥാനാർത്ഥികൾ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും,എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവും,എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവുമാണ് മോഹൻലാലിനെ കാണാനായി നിശബ്ദ പ്രചാരണദിവസം സമയം നീക്കി വെച്ചത്.

തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടറാണ് മോഹൻലാൽ എങ്കിലും സൂപ്പര്‍താരം ഒപ്പമുണ്ടെന്ന് വരുത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. നിശബ്ദ പ്രചാരണ ദിവസം മിക്ക സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വോട്ടുറപ്പിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നപ്പോള്‍ ആണ് ചില സ്ഥാനാര്‍ഥികളെ താരത്തെ കാണാനെത്തിയത്. 

മണ്ഡലത്തിന് പുറത്ത് കടന്ന് എളമക്കരയിലെ മോഹൻലാലിന്‍റെ വീട്ടിലേക്ക് ആദ്യമെത്തിയത് സുരേഷ് ഗോപിയാണ്. ജീവിതത്തിലെ നല്ല തുടക്കങ്ങള്‍ക്ക് മുന്‍പായി ലാലിനെ കാണുന്നത് പതിവെന്നും തനിക്ക് ഏറ്റവും അടുത്ത സുഹൃത്താണ് ലാലെന്നും സുരേഷ് ഗോപി. 

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലിനെ കാണാനെത്തിയത് എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവ്. ജീവിതത്തിലെ പ്രധാന കാര്യങ്ങളും വിശേഷങ്ങളുമെല്ലാം ലാലിനെ അറിയിക്കാറുണ്ടെന്നും അങ്ങനെയൊരു സാഹചര്യമായതിനാല്‍ വീണ്ടും കാണാനെത്തിയതാണെന്നും രാജീവ് പറഞ്ഞു. കുടുംബസമേതമാണ് രാജീവ് ലാലിന്‍റെ വീട്ടിലെത്തിയത്. 

രാജീവ് യാത്ര പറഞ്ഞു പോയതിന് പിന്നാലെ എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം മോഹൻലാലിനെ കാണാനെത്തി. കേരളത്തിന്‍റേയും ഇന്ത്യയുടേയും എറ്റവും വലിയ ഹീറോയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കണ്ണന്താനം. മോഹന്‍ലാലിനെ തങ്ങളൊക്കെ മോഹന്‍ലാല്‍ ജീ എന്നാണ് വിളിക്കാറെന്നും കണ്ണന്താനം പറഞ്ഞു.

വീട്ടിലെത്തിയ മൂന്ന് സ്ഥാനാര്‍ഥികളേയും സ്വീകരിച്ച ലാല്‍ എല്ലാവര്‍ക്കും തന്‍റെ പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നു. വോട്ട് ചെയ്യാന്‍ പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊരു സസ്പെന്‍സായി ഇരിക്കട്ടെ എന്നായിരുന്നു ലാലിന്‍റെ മറുപടി.