തിരുവനന്തപുരം:  ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ഒരുലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആരോപിച്ചു. 

ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ഇതുപയോഗിച്ച് ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടർപട്ടികയിലെ പേജുകൾ അടൂർ പ്രകാശ് പുറത്തുവിട്ടു.  ബൂത്ത് ലെവൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. 

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, കളക്ടർക്കും അടൂർ പ്രകാശ് പരാതി നൽകി. അതേസമയം സ്ഥാനാർത്ഥിയുടെ കേസുകൾ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചില്ലെന്ന എൽഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് അടൂർ പ്രകാശ് പറ‍ഞ്ഞു. എന്നാൽ കേസുകളുടെ വിവരങ്ങൾ മൂന്ന് പ്രമുഖ പത്രങ്ങളിൽ അടൂർ പ്രകാശ് പരസ്യപ്പെടുത്തിയിട്ടില്ലെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി എൽഡിഎഫ് പ്രതികരിച്ചു.