Asianet News MalayalamAsianet News Malayalam

പിണറായിയുടെ തോന്ന്യാസത്തിനെതിരായ ജനവികാരം യുഡിഎഫിന് വോട്ടായി മാറി: മുല്ലപ്പള്ളി

നല്ല പട്ടിയെ ഭ്രാന്തൻ പട്ടിയെന്ന് വിളിക്കുക. എന്നിട്ട് ജനങ്ങളെ ഇളക്കി വിടുക. ഈ സമീപനമാണ് സിപിഎം പ്രേമചന്ദ്രനോട് സ്വീകരിച്ചത്. വടകരയിലും കൊല്ലത്തും സിപിഎം വോട്ടുകള്‍ യുഡിഎഫിലേക്ക് മറിഞ്ഞു. ശബരിമല വിഷയം യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുല്ലപ്പള്ളി. 

mullapally hopeful about the mass victory of udf in loksabha polls
Author
Kozhikode, First Published Apr 26, 2019, 12:37 PM IST

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ഉറക്കമില്ലാത്ത രാത്രികളാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്‍റെ എല്ലാ കണക്കുകൂട്ടലുകളും പാളിയെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് സഹകരണമുണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു. 

നല്ല പട്ടിയെ ഭ്രാന്തൻ പട്ടിയെന്ന് വിളിക്കുക. എന്നിട്ട് ജനങ്ങളെ ഇളക്കി വിടുക. ഈ സമീപനമാണ് സിപിഎം പ്രേമചന്ദ്രനോട് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും തോന്ന്യാസത്തിനും എതിരെയുള്ള വികാരമാണ് കോൺഗ്രസിന് വോട്ടാകുന്നതെന്നും അതിന് പിണറായിയോട് നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

സിപിഎമ്മിന്റേയും ന്യൂനപക്ഷങ്ങളുടെയും വോട്ട് കോൺഗ്രസിന് കിട്ടി. സിപിഎമ്മിന്റെ ജില്ല നേതാക്കൾ വടകരയിൽ മത്സരിക്കണമെന്ന് തന്നോട് ആവശപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ മുരളീധരന് സിപിഎം വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. നല്ലവരായ സിപിഎമ്മുകാരുടെ വോട്ടാണ് മുരളിക്ക് കിട്ടിയത്. കൊല്ലത്തടക്കം പലയിടത്തും സിപിഎമ്മിന്‍റെ സഹായം കോണ്‍ഗ്രസിന് കിട്ടി. 

വടകരയിലെ എൽജെഡിയിലെ ഒരു വിഭാഗം തന്നെ സന്ദർശിച്ചു പിന്തുണയറിയിച്ചു. അവരുടെ വോട്ടും യുഡിഎഫിന് നൽകി.നേതൃത്വത്തിന്റെ മങ്കി പൊളിറ്റിക്സിൽ താൽപര്യമില്ലാത്തവരാണ് തന്നെ കണ്ട് പിന്തുണ അറിയിച്ചത്. ശബരിമല വിഷയം യുഡിഎഫിന് തുണയാകും.  ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചത് ജയിക്കാനല്ല തെരഞ്ഞെടുപ്പ് ഫണ്ട് കൈക്കലാക്കാനാണ്. സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിച്ച തുകയുടെ യഥാര്‍ത്ഥ കണക്ക് കൊടുത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ അയോഗ്യരാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios