തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പൊലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ഭയവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ ഡിജിപിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഈ വിഷയം ഗൗരവത്തോടെ കാണണം. 

പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഡിജിപിക്ക് വീഴ്ചപറ്റി. പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ഡിജിപി ശ്രമിച്ചത്. നീതിബോധമുള്ള ഏതൊരാള്‍ക്കും താന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാകും. ഭീഷണിപ്പെടുത്താതെ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഡിജിപി തയ്യാറായാല്‍ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം നടത്തിയിട്ടുള്ള നീക്കങ്ങളെയും ഇടപാടുകളെയും കുറിച്ച് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ തനിക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭരണഘടനാ നിര്‍മ്മിത സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും സംഘപരിവാര്‍ ശക്തികളും നടത്തുന്ന ശ്രമത്തിന്‍റെ പിന്തുടര്‍ച്ചയാണ് കേരളത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടികാണിക്കുന്നതിന് തെറ്റില്ല. 

എന്നാല്‍ തെരഞ്ഞെടുപ്പ്  കമ്മീഷനെ വിലകുറച്ച് കാണിക്കാനും അതിന്‍റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങളെ ഒരിക്കലും കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ സാധ്യമല്ല. തങ്ങള്‍ക്കെതിരായി കോടതിയില്‍ നിന്നും എന്തെങ്കിലും വിധി വരുമ്പോഴും ഇതേ അസഹിഷ്ണുതയാണ് സി.പി.എം കാണിക്കുന്നത്. സി.പി.എമ്മിന്റെ നാളിതുവരെയുള്ള രാഷ്ട്രീയശൈലിയുടെ തനിയാവര്‍ത്തനമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെയുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.