ഒടുവിലായി ഇന്നലെ പ്രഖ്യാപിച്ച പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയാടിന്‍റെയും വടകരയുടേയും പേരില്ല. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്‍റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്.  

മലപ്പുറം:വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്വിതത്വം തുടരുന്നതില്‍ പ്രതിഷേധവുമായി മുസ്ലീം ലീഗ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗിന്‍റേത്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് അടിയന്തിര നേതൃയോഗം യോഗം ചേരും. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെപിസിസിയും പറഞ്ഞപ്പോള്‍ തന്നെ ലീഗ് സ്വാഗതം ചെയ്തിരുന്നു.

ഒടുവിലായി ഇന്നലെ പ്രഖ്യാപിച്ച പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയാടിന്‍റെയും വടകരയുടേയും പേരില്ല. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്‍റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതുവരെ 308 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പതിനാറാം പട്ടികയില്‍ 3 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഒരു സീറ്റിലെയും ഹിമാചലിലെ രണ്ട് സ്ഥാനാർഥികളെയുമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതിൽ ഗുജറാത്തിലെ മണ്ഡലം പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടതാണ്.

വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതേവരെ ഒരു പ്രതികരണത്തിന് രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. വയനാടിനൊപ്പം വടകര സീറ്റിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയിൽ കെ മുരളീധരൻ വടകരയിൽ പ്രചരണ രംഗത്ത് സജീവമാണ്.