തിരുവനന്തപുരം: കാസർകോട് നിയോജകമണ്ഡലത്തിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇവർ മൂന്നുപേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്. ഇവർക്കെതിരെ ജനപ്രാധിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശം നൽകിയതായി ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിന് കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റിനെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

കെ എം മുഹമ്മദ് എന്നയാൾ മൂന്ന് തവണയും അബ്ദുൾ സമദ്, മുഹമ്മദ് ഫായിസ് എന്നിവർ രണ്ടുതവണ വീതവും വോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടുകൾ ഉടൻ പുറത്തുവരുമെന്നും ടിക്കാറാം മീണ പറഞ്ഞു.  പാർട്ടി നോക്കിയല്ല നടപടിയെടുക്കുന്നതെന്നും കേരളത്തിന്‍റെ ഈ രോഗം ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്‍റെ വഴിക്ക് ശക്തമായി നീങ്ങുമെന്നും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. എന്നാൽ റീ പോളിംഗിന്‍റെ കാര്യത്തിൽ തനിക്കൊന്നും പറയാനാകില്ല. വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ അറിയിച്ചു. തുടർ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. മറ്റൊരു ആരോപണ വിധേയനായ ആഷിക് എന്നയാൾ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. ഇതേപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനും കൃത്യവിലോപം തെളിഞ്ഞാൽ നടപടി എടുക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

സിപിഎമ്മിന്‍റെ പഞ്ചായത്തംഗം അടക്കം മൂന്ന് പേർ പിലാത്തറയിൽ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കണ്ടെത്തിയിരുന്നു. ആരോപണ വിധേയരിൽ നിന്ന് മൊഴിയെടുത്തില്ലെന്ന് ആരോപിച്ച് ടിക്കാറാം മീണയ്ക്കെകിരെ നിയമനടപടികളിലേക്ക് നീങ്ങാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ആരോപണ വിധേയരുടെ മൊഴി തന്‍റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ കാട്ടിത്തരാൻ തയ്യാറാണെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎം തനിക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നുവെന്ന വാർത്ത അറിഞ്ഞിട്ടില്ല. അത് താൻ വിശ്വസിക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

 

കാസർകോട് ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് സ്ഥിരീകരിച്ചുകൊണ്ട് ടിക്കാറാം മീണ നടത്തിയ വാർത്താസമ്മേളനം കാണാം

"