മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ഉറപ്പിച്ച മലപ്പുറത്തെ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നാടകീയ നീക്കങ്ങള്‍. പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം ഉയരുന്നു. പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ് ആവശ്യം.

നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവും പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് മുസ്ലീംലീഗ് ഉന്നത അധികാര സമിതി കഴിഞ്ഞ ദിവസം വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കം പാര്‍ട്ടിയില്‍ നടക്കുന്നത്. ഇന്നോ നാളെയോ ലീഗ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ ദിവസം പൊന്നാനിയിലെ ലീഗും- കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കാന്‍ യോഗം നടത്തിയിരുന്നു. നേരത്തെ ഇ ടിക്കെതിരെ പൊന്നാനിയിലെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പുറമേ പ്രദേശികമായി ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.