കൊച്ചി: മുസ്ലീം ലീഗ് വൈറസല്ല എയിഡ്സ് ആണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ലീഗ് കേരളത്തിലെ മത സംഘടനയാണ്. ജിന്നയുടെ പാരമ്പര്യമാണ് ലീഗിന്. വർഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി നേരിടുമ്പോഴാണ് ബി ഗോപാലകൃഷ്ണന്‍റെ ഗുരുതര പരാമർശം.

കോൺഗ്രസിന് എതിരെയും ബി ഗോപാലകൃഷ്ണൻ നിരവധി അധിക്ഷേപങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണ്. തിരുട്ട് ഗ്രാമത്തിന്‍റേ നേതാവാകാൻ പറ്റിയ ആളാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ്. രാഹുൽ തട്ടിപ്പ് ഹിന്ദു ആണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

സിപിഎം കേരളത്തിൽ നടത്തുന്ന അറുകൊലക്ക് സാന്ത്വനം നൽകുന്ന നടപടി ആണ് രാഹുൽ ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു
. കൊലപാതക രാഷ്ട്രീയത്തിന് മൗനാനുവാദം നൽകുന്ന നടപടിയാണ് രാഹുലിന്‍റേത്. ഇത് കോൺഗ്രസ്‌ പ്രവർത്തകരോട് ചെയ്‌ത വഞ്ചനയാണെന്നും പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് കോൺഗ്രസ്‌ നേതൃത്വം മാപ്പ് പറയണം. സിപിഎമ്മിനെതിരെ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബി ഗോപാലകൃഷ്ണൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മമ്മൂട്ടി ആണെന്നാണ് കമ്മീഷന്‍റെ ഭാവം. കമ്മീഷൻ ബിജെപി വിരുദ്ധരുടെ നാവായി മാറിയെന്നും  ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.  മനസിൽ അയ്യപ്പനെ വിചാരിച്ചാൽ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യും. അതുകൊണ്ടാണ് ശബരിമലയയെക്കുറിച്ച് പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. നാമജപം കേട്ടപ്പോൾ മൈക് ഓഫ് ചെയ്ത പിണറായി ബാങ്ക് വിളി കേൾക്കുമ്പോൾ അതിന് തയ്യാറാകുമോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.