മലപ്പുറം: പ‍ർദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ ആനുവദിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനക്കെതിരെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി
 

കള്ളവോട്ടും പർദ്ദയും തമ്മിൽ ബന്ധിപ്പിച്ചത് ശരിയായില്ല. പർദ്ദ ധരിച്ചെത്തുന്നവർ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സിപിഎം മുസ്ലീം വിഭാഗത്തെ അപമാനിച്ചുവെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

പർദ്ദ ധരിച്ചെത്തുന്നവർക്കെതിരായ സിപിഎം നേതാക്കളുടെ  പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.

പർദ്ദ ധരിച്ചെത്തി മുഖം മറച്ച് വോട്ട് ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സിപിഎം നേതാക്കളായ എം വി ജയരാജൻ, പി ജെ ശ്രീമതി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പറഞ്ഞിരുന്നു.

പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിരുന്നു.

എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചിരുന്നു.

സിപിഎം നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.