നാഗ്പുർ: നാഗ്‌പുരിൽ ആർഎസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ സിറ്റി യൂണിറ്റ് പിളർന്നു. സിറ്റി യൂണിറ്റ് തലവൻ റിയാസ് ഖാൻ അടക്കമുളളവർ കോൺഗ്രസിൽ ചേരുകയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രീയ മഞ്ച് സ്റ്റേറ്റ് യൂണിറ്റ് കോ-കൺവീനർ ഇക്ര ഖാൻ, സിറ്റി യൂണിറ്റ് കൺവീനർ സുശീല സിൻഹ എന്നിവരും കോൺഗ്രസിൽ ചേർന്നു.

നാനാ പടോളാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. പടോളും റിയാസ് ഖാനുമാണ് പത്രസമ്മേളനത്തിൽ ഈ തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാനമ്മയെ പോലെയാണ് ആർഎസ്എസ് മുസ്ലിം രാഷ്ട്രീയ മഞ്ചിനോട് പെരുമാറുന്നതെന്നും അതിനാലാണ് രാജിയെന്നുമാണ് റിയാസ് ഖാൻ പ്രതികരിച്ചത്. തന്റെയൊപ്പം 5000 പേരുണ്ടെന്നും ഇതിന് പുറമെ ഹിന്ദു ഹാൽബ സമുദായവും തങ്ങൾക്കൊപ്പം ഉണ്ടെന്നും റിയാസ് ഖാൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഇഫ്താർ വിരുന്ന് നടത്താനുളള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ തീരുമാനത്തെ ആർഎസ്എസ് എതിർത്തിരുന്നു. ഇഫ്താർ വിരുന്ന് സംഘടിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വൻ വിവാദമാവുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് നാഗ്പുരിലെ മുസ്ലിം രാഷ്ട്രീയ മഞ്ചിൽ നിന്ന് വലിയൊരു വിഭാഗം തങ്ങളുടെ ബന്ധം വേർപെടുത്തി കോൺഗ്രസിൽ ചേർന്നത്.