#മേംഭീചൗകിദാര്‍ (ഞാനും കാവല്‍ക്കാരനാണ്) ക്യാമ്പയിനില്‍ പങ്കെടുത്തതിന് നീരവ് മോദിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞത് ട്വിറ്ററില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു!! 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് നന്ദി പറയുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്ന് ട്വിറ്റര്‍ പറയും. തന്റെ ഏറ്റവും പുതിയ 'മേം ഭീ ചൗകിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) ക്യാമ്പയിനില്‍ പങ്കെടുത്തതിന് നീരവ് മോദിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞത് ട്വിറ്ററില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നീരവ് മോദിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടാണ് അത് എന്നതോ പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ നിന്ന് ഓട്ടോമേറ്റഡ് മെസേജ് പോയതാണ് എന്നതോ ഒന്നും ചര്‍ച്ചയില്‍ സജീവമായവര്‍ മനസ്സിലാക്കിയതേയില്ല എന്നതാണ് വസ്തുത!

ശനിയാഴ്ച്ച രാവിലെയാണ് പ്രതിപക്ഷ പ്രചാരണങ്ങളെ നിഷ്ഫലമാക്കാന്‍ വേണ്ടി 'മേം ഭീ ചൗകിദാര്‍' ക്യാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തടയിടാന്‍ രാജ്യത്തിന് വേണ്ടി പണിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ് എന്ന് ക്യാമ്പയിനിലൂടെ മോദി പറഞ്ഞു. വീഡിയോകളും പോസ്റ്ററുകളുമായി ക്യാമ്പയിനെ ട്രെന്‍ഡിംഗായി മാറ്റാനുള്ള പ്രചാരക സംഘത്തിന്റെ പരിശ്രമങ്ങള്‍ക്കിടെയാണ് വലിയൊരു അബദ്ധം സംഭവിച്ചത്. ആ അബദ്ധമാണ് നീരവ് മോദിയോടുള്ള പ്രധാനമന്ത്രിയുടെ നന്ദിപ്രകടനമായി മാറിയത്.

MainBhiChaukidar എന്ന ഹാഷ് ടാഗ് ഉപയോഗിക്കുന്നവരുടെ പേര് പരാമര്‍ശിച്ച് മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 'താങ്ക് യൂ' എന്ന് ഓട്ടേമേറ്റഡ് മെസേജ് വരുന്നുണ്ടായിരുന്നു. നീരവ് മോദിയുടെ പേരില്‍ ആരോ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന സന്ദേശത്തിനും കിട്ടി അങ്ങനെയൊരു പേര് വച്ച താങ്ക് യൂ. സംഗതി വളരെവേഗം വൈറലാവുകയും ചെയ്തു.

വസ്തുത മനസ്സിലാക്കാതെ നിരരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. അബദ്ധം മനസ്സിലായതോടെ മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് തന്നെ പിന്‍വലിച്ചു. പക്ഷേ, സ്‌ക്രീന്‍ഷോട്ടുകളായി ട്വീറ്റ് പിന്നെയും വൈറലായിക്കൊണ്ടിരിക്കുകയാണ്. 

അവിടംകൊണ്ടും തീര്‍ന്നില്ല, ട്വീറ്റ് പിന്‍വലിച്ച ഉടന്‍ പരിഹാസവുമായിഎത്തിയത് നീരവ് മോദി എന്ന ആ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ. 'സര്‍ താങ്കള്‍ (പ്രധാനമന്ത്രി) എന്റെ ബാങ്ക്‌ലോണ്‍ എഴുതിത്തള്ളിയെന്ന് ഞാന്‍ കരുതിക്കോട്ടെ' എന്നായിരുന്നു ട്വീറ്റ്!