മുകുള്‍ വാസ്നികിന്‍റെ വാഹനമാണെന്ന് കരുതി നിര്‍ത്താന്‍ ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.

വണ്ടൂര്‍: മലപ്പുറം വണ്ടൂരിന് സമീപം ചോക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം. മുന്‍മന്ത്രിയും എംഎല്‍എയുമായ എപി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞെന്നാണ് എന്‍‍ഡിഎ ആരോപിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എന്‍ഡിഎ നേതൃത്വം.
അതേസമയം തുഷാറിന്‍റെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണം യുഡ‍ിഎഫ് തള്ളി. ചോക്കാട് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന എഐസിസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ വാഹനമാണെന്ന് കരുതി നിര്‍ത്താന്‍ ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷമോ അക്രമോ ഉണ്ടായില്ലെന്നും വാക്ക് തര്‍ക്കം മാത്രമേ നടന്നുള്ളൂവെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.