തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന സുരേഷ് ഗോപിയെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് സുരേഷ് ഗോപിയെത്തിയത്.

നിശബ്ദ പ്രചാരണത്തിനായി മാറ്റിവച്ച ഇന്നത്തെ ദിവസം കേരളത്തിലെ എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ പലരേയും കാണാനായി സമയം മാറ്റിവച്ചപ്പോള്‍ ആണ് സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും കൊച്ചിയിലെത്തി മോഹന്‍ലാലിനെ കണ്ടത്. സന്ദർശനം സൗഹൃദപരമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.  തന്‍റെ സിനിമ ജിവിതത്തില്‍ ആദ്യം മുതലേ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് മോഹൻലാൽ അതിനാലാണ് പുതിയ തുടക്കത്തിന് മുൻപെയും  എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. 

സുരേഷ് ഗോപി വിജയിക്കുമോ എന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് തിരുവനന്തപുരത്താണ് വോട്ടെന്നും വോട്ട് ചെയ്യാന്‍ പോകുമോ എന്ന കാര്യം ചോദിക്കരുതെന്നും അത് സസ്പെന്‍സ് ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു.