തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ല. ഏകാധിപത്യ പരമായി ഒരു സ്ഥാപനം മുന്നോട്ട് പോകാൻ പ്രധാനമന്ത്രി പ്രേരിപ്പിക്കരുതെന്നും മുല്ലപ്പള്ളി.
ദില്ലി: തെരഞ്ഞെടുപ്പ് അട്ടിമിറി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ ഭീകരവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തിട്ടുണ്ട്. കള്ളവോട്ട് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സൂചിപ്പിക്കുന്നത് കള്ളവോട്ട് അദ്ദേഹത്തിന്‍റെ അറിവോടെയാണെന്ന ആരോപണം ശരിവയ്ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ അസ്ഥിരമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും കോഡ് ഓഫ് കോൺടാക്ട് അല്ല, കോഡ് ഓഫ് നരേന്ദ്രമോഡിയാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ല. ഏകാധിപത്യ പരമായി ഒരു സ്ഥാപനം മുന്നോട്ട് പോകാൻ പ്രധാനമന്ത്രി പ്രേരിപ്പിക്കരുത്. രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗം ആപൽക്കരമെന്നും മോദിയും അമിത് ഷായും എന്തു നടത്തിയാലും നടപടി ഇല്ല എന്നുമുള്ള നിലപാട് അംഗീകരിക്കില്ല. കോൺഗ്രസ് ശക്‌തമായി പ്രതിഷേധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
