മഹാരാഷ്ട്രയിലെ പ്രചരണത്തിൽ പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം എൻസിപിയുടെ നിറം മാറുമോ എന്ന ചർച്ചകൾ ഇതിനോടകം മഹാരാഷ്ട്രയിൽ ഉയർന്നു കഴിഞ്ഞു

ബാരാമതി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എന്ത് രാഷ്ട്രീയ അനിശ്ചിതത്വമുണ്ടായാലും ബിജെപിക്ക് പിന്തുണ നൽകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലെ. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ മഹാരാഷ്ട്രയില്‍ കര്‍ശന പോരാട്ടം നടക്കുമ്പോഴും ഫലം വന്നു കഴിഞ്ഞാല്‍ എന്‍സിപി ബിജെപി ക്യാംപിലേക്ക് പോകുമെന്ന അഭ്യൂഹം രാഷ്ട്രീയ ഉപശാലകളില്‍ ശക്തമാണ് ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സുപ്രിയയുടെ പ്രതികരണം. 

ഒരു പുനരാലോചനയും ഇല്ല ഞങ്ങൾ യുപിഎക്കൊപ്പമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുന്നു. ഇതിനൊന്നും ഒരടിസ്ഥാനവുമില്ല - സുപ്രിയ പറയുന്നു. മഹാരാഷ്ട്രയിലെ പ്രചരണത്തിൽ പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം എൻസിപിയുടെ നിറം മാറുമോ എന്ന ചർച്ചകൾ ഇതിനോടകം മഹാരാഷ്ട്രയിൽ ഉയർന്നു കഴിഞ്ഞു. എൻസിപിക്ക് പിന്നാലെ പോകരുതെന്ന് ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്നത് വരെയെത്തി കാര്യങ്ങൾ. എന്നാൽ ഒരുകാരണവശാലും മലക്കംമറിയില്ലെന്ന് ആണയിടുന്നു സുപ്രിയ സുലെ. 

ഇത്തവണ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഹാട്രിക്ക് ലക്ഷ്യമിട്ടാണ് സുപ്രിയ ഇറങ്ങുന്നത്. ബിജെപിയുടെ കാഞ്ചൻ കൂളാണ് എതിരാളി. ഞാൻ എന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ജനങ്ങളോട് സംസാരിക്കുന്നത്.എനിക്ക് ആത്മവിശ്വാസമുണ്ട് ജനങ്ങൾ അതേറ്റെടുക്കും- സുപ്രിയ പറയുന്നു. കഴിഞ്ഞ തവണ പ്രാദേശിക പാർട്ടിയെ മത്സരിപ്പിച്ച ബിജെപി ഇത്തവണ നൽകുന്നത് കടുത്ത മത്സരം.എന്നാൽ പവാർപുത്രി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 

പവാർ കുടുംബത്തിന്‍റെ തട്ടകമായ ബാരാമതി പഞ്ചസാരയുടെയും കേന്ദ്രമാണ്. കരിമ്പ് കൃഷിയും വ്യവസായവും പ്രധാനം. ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് എൻസിപിയുടെ ഹൈലൈറ്റ്. 2014ൽ മോദി തരംഗത്തിൽ മഹാരാഷ്ട്രയിൽ എൻസിപി കയ്പ് നുണഞ്ഞെങ്കിലും പഞ്ചസാരയുടെ നാട് കൈവിട്ടില്ല. ബാരാമതിയിൽ സുപ്രിയക്ക് മധുരമേറിയ ജയം തന്നെ കിട്ടി. ഇക്കുറിയും അത് ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് എന്‍സിപി ക്യാംപ്.