Asianet News MalayalamAsianet News Malayalam

'സെക്യുലർ ഡെമോക്രറ്റിക് ഫ്രണ്ട്', പുതിയ പ്രതിപക്ഷസഖ്യം വരുന്നു: യുപിഎയിലേക്ക് കൂടുതൽ പാർട്ടികൾ

തൂക്ക് സഭയോ, എൻഡിഎക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്താനാകാതിരിക്കുകയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതിയ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്. 

new opposition formation in line secular democratic front
Author
New Delhi, First Published May 23, 2019, 7:22 AM IST

ദില്ലി: വോട്ടെണ്ണൽ ദിവസത്തിൽ, പുതിയ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുങ്ങുന്നു. എൻഡിഎക്ക് കേവലഭൂരിപക്ഷം നേടാനാകാതിരിക്കുകയോ തൂക്ക് സഭ വരികയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതിയ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നാണ്.

അതേസമയം, നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഈ പുതിയ സഖ്യത്തിൽ ഇതുവരെ അണി ചേർന്നിട്ടില്ല. ഇന്ന് നിയമസഭാ ഫലം കൂടി വരുന്ന ഒഡിഷയിൽ നിന്ന് ബിജു ജനതാദളിനെ ഒപ്പം നിർത്താൻ ബിജെപിയും ശ്രമം തുടങ്ങിയെന്നാണ് സൂചന. മുംബൈയിൽ നിന്ന് ഈ മൂന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താൻ ശരദ് പവാറും ചരട് വലിക്കുന്നു.

എൻഡിഎ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ, നിർണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഈ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ഒപ്പുവച്ച കത്തും ഇതോടൊപ്പം കൈമാറാനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണത്തിന് നിയമപരമായ സഹായം നൽകാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിലേത് പോലെ നിയമപരമായ പ്രതിസന്ധിയുണ്ടായാൽ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ് തയ്യാറാണ്. 

രാഹുൽ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് പറയാതെ പറയുന്ന നിലപാടിൽ നിന്ന് പതുക്കെ കോൺഗ്രസ് പിൻമാറുകയാണ്. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതിനാകും ഫലം വന്ന ശേഷം കോൺഗ്രസിന്‍റെ ആദ്യ പരിഗണനയെന്നും, ആ സംയുക്ത നീക്കത്തിന്‍റെ നേതൃത്വം ആർക്കാകും എന്ന് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നുമാണ് എഐസിസി പ്രവർത്തകസമിതി അംഗം എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

543 അംഗ ലോക്സഭയിൽ 272 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. 1984-ലെ രാജീവ് ഗാന്ധി സർക്കാരിന് ശേഷം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു പാർട്ടി ഈ മാന്ത്രികസംഖ്യ ഒറ്റക്ക് മറികടന്ന് വൻ ഭൂരിപക്ഷം നേടിയത്.

ബിജെപിക്ക് മാത്രം കിട്ടിയത് 282 സീറ്റുകൾ. എൻഡിഎയുടെ മൊത്തം ഭൂരിപക്ഷം 336 സീറ്റുകൾ. കൂട്ടുകക്ഷി സർക്കാരുകളുടെ കാലം തൽക്കാലത്തേക്ക് അവസാനിപ്പിച്ചുകൊണ്ടാണ് മോദി അധികാരത്തിൽ വന്നത്. അതേ മോദിയെ പുറത്താക്കാൻ സംയുക്ത പ്രതിപക്ഷത്തിനൊപ്പം രാഹുലിന്‍റെ കോൺഗ്രസും ഒപ്പം നിൽക്കുമെന്ന സൂചനകൾ ശക്തമാകുമ്പോൾ, ഇന്ന്വരാനിരിക്കുന്ന ഫലം, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ നിർണായകമാകുമെന്നുറപ്പ്. 

Follow Us:
Download App:
  • android
  • ios