Asianet News MalayalamAsianet News Malayalam

എല്ലാം രാഷ്ട്രീയനാടകങ്ങള്‍ മാത്രമായിരുന്നു, വോട്ട് ചെയ്യാനില്ല; നിര്‍ഭയയുടെ മാതാപിതാക്കള്‍

മകളുടെ മരണശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടിപ്പിച്ച സഹതാപവും അനുകമ്പയുമെല്ലാം നാടകങ്ങള്‍ മാത്രമായിരുന്നെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍  ആരോപിക്കുന്നു. 

Nirbhaya's parents might not vote this time
Author
Delhi, First Published Apr 25, 2019, 7:57 PM IST

ദില്ലി: ഇത്തവണ വോട്ട് ചെയ്യാനില്ലെന്ന് ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍. മകളുടെ മരണശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയതെല്ലാം രാഷ്ട്രീയനാടകങ്ങള്‍ മാത്രമായിരുന്നെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു.

2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് നിര്‍ഭയ കൂട്ടബലാത്സംഗത്തിനിരയായത്. 11 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അവള്‍ മരിച്ചു. മകളുടെ മരണശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടിപ്പിച്ച സഹതാപവും അനുകമ്പയുമെല്ലാം നാടകങ്ങള്‍ മാത്രമായിരുന്നെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍  ആരോപിക്കുന്നു. അവളുടെ കൊലപാതകികള്‍ ഇപ്പോഴും ജീവനോട് കഴിയുന്നു. സ്ത്രീസുരക്ഷ എന്നത് രാജ്യത്തിപ്പോഴും നടപ്പാക്കാനുമായിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. നീതി നടപ്പാക്കാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വോട്ട് ചെയ്യേണ്ടെന്നാണ് തീരുമാനമെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു.

"എല്ലാ പാര്‍ട്ടികളും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കും. എന്നാല്‍ അതിനുവേണ്ടി എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കാന്‍ ആരും തയ്യാറല്ല. വാഗ്ദാനങ്ങളെല്ലാം പാഴായി. ഞങ്ങളുടെ വേദനയും പോരാട്ടവും നിസ്സഹായതയും മാത്രം ബാക്കിയായി. അതുകൊണ്ട് തന്നെ ഇക്കുറി വോട്ട് ചെയ്യുന്നില്ല." നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിങ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios