ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനെ സ്വാ​ഗതം ചെയ്യുന്നതിനിടെയായിരുന്നു നിർമലാ സീതാരാമന്റെ പരാമർശം. താരത്തെ തീപ്പൊരി, യുവ നടൻ എന്നിങ്ങനെ അഭിസംബോധന ചെയ്ത നിർമലാ സീതാരാമനെതിരെ ട്രോളുമായി സോഷ്യൽമീഡിയ ഒന്നടകം രം​ഗത്തെത്തിയിരിക്കുകയാണ്

ദില്ലി: 62 വയസുള്ള ബോളിവു‍‍ഡ് നടൻ സണ്ണി ഡിയോളിനെ 'യുവ നടന്‍' എന്ന് പരാമർശിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരെ ട്വിറ്റിറിൽ ട്രോൾ മഴ. ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനെ സ്വാ​ഗതം ചെയ്യുന്നതിനിടെയായിരുന്നു നിർമലാ സീതാരാമന്റെ പരാമർശം. താരത്തെ തീപ്പൊരി, യുവ നടൻ എന്നിങ്ങനെ അഭിസംബോധന ചെയ്ത നിർമലാ സീതാരാമനെതിരെ ട്രോളുമായി സോഷ്യൽമീഡിയ ഒന്നടകം രം​ഗത്തെത്തിയിരിക്കുകയാണ്.

പ്രശസ്ത തീപ്പൊരി താരവും അഭിനയത്തോട് വളരെ അർപ്പണബോധവുമുള്ള ബോളിവുഡിൽനിന്നുള്ള യുവ നടനായ സണ്ണി ഡിയോൾ പാർട്ടിയിൽ ചേരുന്നതിൽ സത്യത്തിൽ ഞാൻ വളരെ സന്തോഷവതിയാണ് എന്നായിരുന്നു നിർമലാ സീതാരാമന്റെ പരാമർശം. സണ്ണി ഡിയോള്‍ സൂപ്പര്‍താരമാണെന്ന് അംഗീകരിക്കുന്നു. എന്നാല്‍ 59 വയസുള്ള നിർമലാ സീതാരാമനാണ് തന്നെക്കാളും മൂന്ന് വയസ് പ്രായം അധികമുള്ള സണ്ണി ഡിയോളിനെ യുവ നടനെന്ന് വിളിച്ചതെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുന്നത്.

Scroll to load tweet…

1971-ലെ ഇന്ത്യ- പാക് യുദ്ധം അടിസ്ഥാനമാക്കി ഒരുക്കിയ 'ബോര്‍ഡര്‍' എന്ന ചിത്രത്തിലെ സണ്ണി ഡിയോളിന്റെ അഭിനയത്തെക്കുറിച്ചും നിർമലാ സീതാരാമൻ പറഞ്ഞു. ചിത്രത്തിൽ സണ്ണി ഡിയോളാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ദേശീയത, രാജ്യസ്നേഹം എന്നിവ എങ്ങനെയാണ് ആളുകളെ സ്വാധീനിക്കുന്നുവെന്നത് ബോർഡർ എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോൾ കാണിച്ച് തന്നുവെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. നിർമലാ സീതാരാമൻ, കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ എന്നിവരിൽ നിന്നാണ്​ സണ്ണി ഡിയോൾ ഔദ്യോഗിക അംഗത്വം ​സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്​ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. പഞ്ചാബിലെ ഗുരുദാസ്​പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അച്ഛൻ ധർമ്മേന്ദ്രയ്ക്കും അമ്മ ഹേമാ മാലിനിക്കും പിന്നാലെയാണ് സണ്ണി ഡിയോളിന്റെ രാഷ്ട്രീയ പ്രവേശം.