ദില്ലി: ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്. 

''ജെഡിയുവിൽ നിന്ന് അവർക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച് അവരെ അറിയിച്ചു. അത് വലിയ പ്രശ്നമല്ല, ഞങ്ങൾ എൻഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങൾക്ക് അതിൽ അതൃപ്തിയുമില്ല. ഞങ്ങൾ ഒന്നിച്ചാണ് നിൽക്കുന്നത്, ഇതിൽ ആശയക്കുഴപ്പമില്ല'', നിതീഷ് കുമാർ പറഞ്ഞു.

അതൃപ്തിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അവസാനനിമിഷം കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയത്, ചോദിച്ചത്ര മന്ത്രിപദങ്ങൾ കിട്ടാതിരുന്നതിനെത്തുടർന്നുള്ള അതൃപ്തി തന്നെയാണ് നിതീഷ് കുമാറിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെ മുതൽ നടത്തിയ മാരത്തൺ ചർച്ചകളിൽ തുടർച്ചയായി നിതീഷ് കുമാർ മൂന്ന് കേന്ദ്രമന്ത്രിപദം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ നടത്തിയ ചർച്ചകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് മാറ്റിയില്ല. എല്ലാ സഖ്യകക്ഷികൾക്കും ഒറ്റ സീറ്റ് - അതിൽ വിട്ടു വീഴ്‍ചയില്ല, മോദിയും അമിത് ഷായും വ്യക്തമാക്കി. 

ബിഹാറിൽ ഇത്തവണ ആകെയുള്ള 40 സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരിയിരുന്നു. ഒറ്റ സീറ്റ് മാത്രമാണ് യുപിഎയ്ക്ക് കിട്ടിയത്. ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ബിജെപി എല്ലാ സീറ്റുകളിലും ജയിച്ചു. ജെഡിയു 16 സീറ്റുകളിലും. സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്‍റെ എൽജെപി 6 സീറ്റുകളിലും ജയിച്ചു.

സഖ്യകക്ഷികളെയെല്ലാം അപ്രസക്തമാക്കാവുന്ന തരത്തിൽ 303 സീറ്റുകൾ നേടിയാണ് ബിജെപി ഇത്തവണ അധികാരത്തിലെത്തുന്നത്. 272 എന്ന കേവലഭൂരിപക്ഷം മാത്രമല്ല, സ്വന്തം നിലയ്ക്കാണ് 300 സീറ്റുകളെന്ന മാർക്ക് ബിജെപി ചാടിക്കടന്നത്. അതുകൊണ്ടുതന്നെ ഘടകകക്ഷികൾക്ക് എത്ര മന്ത്രിമാരെ നൽകണമെന്നതടക്കം അന്തിമതീരുമാനം ബിജെപിയുടേത് തന്നെയാകും. ഒരു പരിധി വരെ ഘടകകക്ഷികളുടെ പ്രതിഷേധം ബിജെപിക്ക് വലിയ പ്രശ്നവുമല്ല. 

സഖ്യചർച്ചകളുടെ സമയത്ത് അമിത് ഷാ നേരിട്ട് കണ്ട ഒരേയൊരു ഘടകകക്ഷി നേതാവാണ് നിതീഷ് കുമാർ. ബിഹാറിലെ രാഷ്ട്രീയരംഗത്ത്, നിതീഷ് കുമാറിന്‍റെ നിർണായക സ്വാധീനം കണക്കിലെടുത്ത് തന്നെയായിരുന്നു ഇത്. എന്നാൽ ഇതിനേക്കാൾ കുറച്ച് സീറ്റുകൾ കിട്ടിയ ചെറു പാർട്ടികൾക്കും ഒരു കേന്ദ്രമന്ത്രിപദം കിട്ടുമ്പോൾ, ജെഡിയുവിന് ഒന്ന് പോര എന്ന നിലപാടായിരുന്നു നിതീഷ് കുമാറിന്‍റേത്. പഞ്ചാബിൽ പരാജയമേറ്റുവാങ്ങിയ അകാലിദളിനും ബിഹാറിൽ തന്നേക്കാൾ ചെറിയ കക്ഷിയായ രാംവിലാസ് പസ്വാനും ഓരോ കാബിനറ്റ് മന്ത്രിപദം കിട്ടുന്ന കാര്യം നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. 

അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ഒറ്റ കേന്ദ്രമന്ത്രിപദവി പോരെന്നും നിതഷ് കുമാർ വാദിച്ചു. എന്നാൽ ഷാ - മോദി ദ്വയം വഴങ്ങാതിരുന്നതിനെത്തുടർന്നാണ് അവസാനനിമിഷം ജെഡിയു വിട്ടുനിൽക്കാൻ തീരുമാനിച്ചത്.