ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയിൽ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായും എൻകെ പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി എൻകെ പ്രേമചന്ദ്രൻ. കോൺഗ്രസിനെയും തന്നെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയിൽ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായും എൻകെ പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഇത്രയും വിസ്മയകരമായ പ്രചാരണം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ രംഗത്തില്ലായെന്നാണ് തോമസ് ഐസക്കിനെ പോലുള്ളൊരു നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ബിന്ദു കൃഷ്ണ, അസീസ്, സുവർണ രാജശേഖരൻ തുടങ്ങിയ നേതാക്കളെ കാണാനില്ലെന്ന് പറയുന്നത് എന്തൊരു ബാലിശമാണ്. ചവറയിൽ താനും ബിന്ദു കൃഷ്ണയും ഷിബു ബേബി ജോണും ചേർന്ന് ഏകദേശം മൂവായിരത്തോളം ഇരുചക്രവാഹന അകംബടിയോടെ നടത്തിയ റോഡ് ഷോയിൽ വലിയ പിന്തുണയാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് നൽകുന്നതിനെക്കാളും അഭിമാനത്തോടുകൂടി നെഞ്ചേറ്റിയാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത്.
ആർഎസ്പിക്കൊരു ഷാഡോ കമ്മിറ്റിയുണ്ട്. എന്നാൽ ഒരു കോൺഗ്രസ് പ്രവർത്തകർ നിർജീവമായോ നിഷ്ക്രീയമായോ നിൽകുന്നുണ്ടെന്ന് കാണിച്ച് ഇതുവരെ ഒരു പരാതിപോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് തന്നെയും കോൺഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുക്കാനാണ് തോമസ് ഐസക്കിനെപോലുള്ള ഉന്നതനായ നേതാവ് ശ്രമിക്കുന്നത്. പ്രചാരണം അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ പാളയത്തിൽ പടയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
പ്രേമചന്ദ്രന് കോൺഗ്രസ് കൃത്യമായ പിന്തുണ നൽകുന്നില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നും മന്ദഗതിയിലാണെന്നുമാണ് എൽഡിഎഫിന്റെ പ്രധാന ആരോപണം. ഇത് കോൺഗ്രസിനെയും ആർഎസ്പിയെയും ഭിന്നിപ്പിക്കാനുള്ള എൽഡിഎഫിന്റെ തന്ത്രമാണെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ മറുപടി.
അതേസമയം, ആർഎസ്പിക്കകത്ത് ഷാഡോ സംഘം പ്രവർത്തിക്കുന്നെന്ന പ്രേമചന്ദ്രൻറെ പ്രസ്താവനയ്ക്കെതിരെ സിപിഎം രംഗത്തെത്തി. കോൺഗ്രസുകാരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് പ്രേമചന്ദ്രൻ ഷാഡോ സംഘത്തെ ഏർപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജൻ പറഞ്ഞു. ഈ ഷാഡോ സംഘം കോൺഗ്രസിന്റെ അറിവോടുകൂടിയാണോ ആർഎസ്പി പ്രവർത്തിപ്പിക്കുന്നത് എന്ന കാര്യത്തില്‍ പ്രേമചന്ദ്രൻ മറുപടി പറയണമെന്നും സിപിഎം വ്യക്തമാക്കി.
