ദില്ലി: ദില്ലിയിൽ ആം ആദ്മി പാർട്ടി - കോൺഗ്രസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി. ആം ആദ്മി പാർട്ടിക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തായാലും ദില്ലിയിൽ ത്രികോണപ്പോരാട്ടം നടക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് സർവേകളും പറയുന്നത്. 

ഇനി ചർച്ച വേണ്ടെന്നാണ് കോൺഗ്രസിന്‍റെ തീരുമാനം. ബാക്കിയുള്ള ഏഴ് സീറ്റുകളിലേക്കും കോൺഗ്രസ് ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പട്ടികയിൽ മുതിർന്ന നേതാക്കളുൾപ്പടെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. 

ഒരു മാസം നീണ്ട ചര്‍ച്ചകളാണ് കോൺഗ്രസ് അവസാനിപ്പിക്കുന്നത്. ദില്ലിയിലെ ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്കുനേര്‍ മത്സരിക്കും. ചര്‍ച്ച പൊളിച്ചത് ആം ആദ്മി പാർട്ടിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ദില്ലിയ്ക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നായിരുന്നു ആം ആദ്‍മി പാർട്ടിയുടെ നിലപാട്. ദില്ലി മാത്രം ചർച്ചയ്ക്ക് എടുത്താൽ മതിയെന്ന് കോണ്‍ഗ്രസ്. ട്വിറ്ററിൽ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളും ഇതേച്ചൊല്ലി ഏറ്റുമുട്ടിയതിനു ശേഷവും ചർച്ചകൾ തുടർന്നിരുന്നു.

ദില്ലി മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് ഈസ്റ്റ് ഡൽഹിയിൽ മത്സരിക്കും. ആം ആദ്‍മി പാർട്ടിയുടെ വിദ്യാഭ്യാസ ഉപദേശകയായ ആതിഷി മർലേനയാണ് ഷീലാ ദീക്ഷിതിനെതിരെ മത്സരിക്കുക. കപില്‍ സിബല്‍ ചാന്ദ്നി ചൗക്കിലും അജയ് മാക്കന്‍ ന്യൂഡൽഹിയിലും ജനവിധി തേടും. 

ആം ആദ്മി പാർട്ടിയുമായി ദില്ലിയിൽ സഖ്യം വേണോ എന്നതുമായി ബന്ധപ്പെട്ട് ദില്ലി കോൺഗ്രസിൽ വലിയ തമ്മിലടിയാണ് നടന്നത്. സഖ്യം വേണമെന്ന ഉറച്ച ആവശ്യം മുന്നോട്ടു വയ്ക്കുന്നവരിൽ മുൻ നിരയിലുള്ള പി സി ചാക്കോ തന്നെയാണ് ഇപ്പോൾ സഖ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ആം ആദ്മി പാർട്ടിയോട് വൻ ഭൂരിപക്ഷത്തിൽ തോറ്റ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് സഖ്യത്തോട് കടുത്ത എതിർപ്പായിരുന്നു.

എഐസിസി ട്രഷററായ അഹമ്മദ് പട്ടേലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സെക്രട്ടറി സഞ്ജയ് സിംഗുമായുള്ള ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽപ്പോലും ഇരുപാർട്ടികളും തമ്മിൽ സമവായമില്ലാതായതോടെ, സഖ്യസാധ്യത അവസാനിക്കുകയായിരുന്നു.