Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ആപ്പുമായി 'കൈ' കോർക്കില്ല; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം

രാജ്യതലസ്ഥാനത്ത് കോൺഗ്രസ് - ആം ആദ്മി പാർട്ടി സഖ്യമില്ല. വിശാലപ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന പ്രതീക്ഷകൾ അവസാനിപ്പിച്ചാണ് സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത്. 

no alliance with aam aadmi party says sheila dixit after congress meeting
Author
New Delhi, First Published Mar 5, 2019, 2:29 PM IST

ദില്ലി: ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി കൈ കോർക്കില്ലെന്ന് കോൺഗ്രസ്. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ യോഗത്തിന് ശേഷം മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. 

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത സംബന്ധിച്ച് രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷമാണ് അന്തിമതീരുമാനം വന്നത്. ഇന്നലെ ദില്ലിയിലെ ഏഴ് ലോക്‍സഭാ സീറ്റുകളിൽ ആറെണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി, കോൺഗ്രസുമായി ഒരു സഖ്യത്തിന് തയ്യാറായിരുന്നെന്നാണ് സൂചന. സീറ്റ് വിഭജന ഫോർമുല സംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. 

ദില്ലിയിൽ രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാൻ തയ്യാറാണെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നതായാണ് സൂചന. ദില്ലിയെക്കൂടാതെ പാർട്ടിയ്ക്ക് ശക്തിയുള്ള പ‍ഞ്ചാബിലും ഒരു സഖ്യത്തിന് ആം ആദ്മി പാർട്ടി തയ്യാറായിരുന്നു. എന്നാൽ ദില്ലിയിൽ മൂന്ന് സീറ്റുകൾ വേണമെന്ന് കോൺഗ്രസ് കടുംപിടിത്തം പിടിച്ചതായാണ് സൂചന.

2014-ൽ ബിജെപി ദില്ലിയിലെ എല്ലാ സീറ്റുകളും തൂത്തു വാരിയിരുന്നു. പക്ഷേ 2015-ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള എഴുപത് നിയമസഭാ സീറ്റുകളിൽ 67-ഉും തൂത്തുവാരി ആം ആദ്മി പാർട്ടി ചരിത്രം സൃഷ്ടിച്ചു. 

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം വിശാലപ്രതിപക്ഷം ബിജെപിക്കെതിരെ ഒന്നിക്കണമെന്ന വികാരം ശക്തമായിരുന്നു. ഭീകരാക്രമണങ്ങളും പാകിസ്ഥാനെതിരായ പ്രചാരണവും ശക്തമായി ഉന്നയിച്ച് പ്രചാരണത്തിന്‍റെ അടവു നയം തന്നെ മാറ്റി രൂപീകരിക്കാനാണ് ബിജെപിയുടെ പദ്ധതി. 

Follow Us:
Download App:
  • android
  • ios