തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള  ഉപതെരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം പൂ‍ർത്തിയായി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. പത്രികാ സമ‌‌‌ർപ്പണം പൂ‌ർത്തിയായതോടെ  വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. അടൂ‌ർ പ്രകാശ് അയഞ്ഞതോടെ കോന്നിയെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കം ഒത്തുതീർന്നെങ്കിലും വട്ടിയൂർക്കാവിനെച്ചൊല്ലി ബിജെപിയിലെ ത‌‌‍ർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയപ്പോരിന് വഴി വയ്ക്കാനാണ് സാധ്യത.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ ഇന്ന് ആണ് പ്രമുഖസ്ഥാനാ‌‌ർത്ഥികളെല്ലാം തന്നെ പത്രിക സമ‌‍ർപ്പിച്ചത്. വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർത്ഥി വികെ പ്രശാന്തും, യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറും  ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും ഉച്ചയോടെ പത്രിക നൽകി. കെ കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യു‍ഡിഎഫ് സ്ഥാനാർത്ഥി പത്രിക സമ‌ർപ്പിച്ചത്. മ‍‍ണ്ഡലത്തിലെ മുൻ എംഎൽഎ കെ.മുരളീധരൻ സമ‌ർപ്പണത്തിനായി എത്തിയിരുന്നില്ല. വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം  എന്ന് പത്രിക നൽകിയ ശേഷം ബിജെപി സ്ഥാനാ‍ർത്ഥി എസ്.സുരേഷ് പ്രതികരിച്ചു. വട്ടിയൂ‌‌ർക്കാവ് മണ്ഡ‍ലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും എസ്. സുരേഷ് പറഞ്ഞു.

 

കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.യു.ജനീഷ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജും , എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും വരണാധികാരിക്ക് മുൻപാകെ പത്രിക സമർപ്പിച്ചു. ബിജെപി സ്ഥാനാർത്ഥി ആയി കെ.സുരേന്ദ്രൻ എത്തിയത് എൽഡ‍ിഎഫിന് ​ആണ് ഗുണം ചെയ്യുക എന്ന് എൽ‍ഡിഎഫ് സ്ഥാനാ‌ർത്ഥി ജനീഷ് കുമാർ വ്യക്തമാക്കി. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ് , റോബിൻ പീറ്റർ എന്നിവ‌‌ർക്കൊപ്പം എത്തിയാണ് വലത് സ്ഥാനാർത്ഥി പത്രിക നൽകിയത്. സ്ഥാനാ‌ർത്ഥി നിർണയത്തിന്റെ തുടക്കത്തിൽ കോൺഗ്രസ്സിൽ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രമാണ് കോന്നിയിലുണ്ടായതെന്ന് പ്രത്രിക നൽകിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കും ബിഡിജെഎസ് നേതാക്കൾക്കും ഒപ്പം എത്തിയാണ് കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമനി‍ർദേശപത്രിക സമർപ്പിച്ചത്. എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും ഇത്തവണ ജയിക്കാനുള്ള പോരാട്ടമാണ് തന്റേതെന്നും ആയിരുന്നു പത്രിക നൽകിയ ശേഷമുള്ള കെ.സുരേന്ദ്രന്റെ പ്രതികരണം.

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും ബിജെപി സ്ഥാനാ‌ർത്ഥി പ്രകാശ് ബാബുവും ഇന്നാണ് പത്രിക കൈമാറിയത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും വിശ്വാസികൾക്കൊപ്പമാണ് തങ്ങളെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ.വിനോദ് , എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മനു റോയ്, എൻ.ഡി.എ സ്ഥാനാർഥി സി.ജി.രാജഗോപാൽ എന്നിവരും ഇന്ന് പത്രിക സമ‌ർപ്പിച്ചു. 

മഞ്ചേശ്വരത്തെ എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളും അവസാന ദിവസമായ ഇന്നാണ് നാമനിർദ്ദേശ പത്രിക നൽകിയത്. യുഡിഎഫ് സ്ഥാനാർഥി എം.സി.കമറുദ്ധീൻ ഉപവരണാധികാരി  മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ സുരേന്ദ്രൻ കെ.എമ്മിന് മുൻപാകെയാണ് പത്രിക നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ 34 കേസുകൾ നിലവിലുണ്ട്. പ്രാദേശിക വാദം മഞ്ചേശ്വരത്ത് ഇത്തവണ വിലപ്പോവില്ലെന്ന് എംസി കമറുദ്ധീൻ പറഞ്ഞു. പാർലമെന്റിലേക്ക് രാജ് മോഹൻ ഉണ്ണിത്താൻ ജയിച്ചത് ഇതിന് ഉദാഹരണമാണ്. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അല്ല യുഡിഎഫിന്റെ ശക്തിയിലാണ് പ്രതീക്ഷ എന്നും സ്ഥാനാർഥി കൂട്ടിച്ചേ‌ർത്തു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, പി.കരുണാകരൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവർക്കൊപ്പമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ പത്രിക സമർപ്പിക്കാനെത്തിയത്.ഡെപ്യൂട്ടി കളക്ടർ എൻ. പ്രേമചന്ദ്രൻ മുമ്പാകെയാണ് ശങ്കർ റൈ പത്രിക സമർപ്പിച്ചത്.ബിജെപിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നായിരുന്നു നാമനി‌‌ർദേശപത്രിക സമ‍ർപ്പിച്ച ശേഷമുള്ള രവീശ തന്ത്രിയുടെ പ്രതികരണം.
എല്ലാം മാധ്യമ സൃഷ്ടിയാണെന്നും കുടുംബത്തിനുള്ളിലെ കാര്യങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോന്നി സ്ഥാനാ‌ർത്ഥിയെ ചൊല്ലിയുള്ള കോൺ​ഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ന് താത്കാലിക പരിഹാരമായി. കോൺഗ്രസ് നേതൃത്വത്തിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിൽ കോന്നിയിലെ യുഡിഎഫ് കൺവെൻഷന് അടൂർ പ്രകാശ് എത്തിയതോടെ ആണ് കോന്നിയിലെ കോൺഗ്രസ് പോരിന് താൽകാലിക ശമനമായത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ കെപിസിസി തന്നെ രംഗത്തിറങ്ങുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും നേരിട്ടെത്തി നടത്തിയ ചർച്ചക്കൊടുവിലാണ് അടൂർ പ്രകാശ് അയഞ്ഞത്. അനിശ്വിതത്വങ്ങൾക്ക് ഒടുവിൽ കൺവെൻഷൻ വേദിയിലെത്തിയ അടൂർ പ്രകാശിന് കോൺഗ്രസ് പ്രവർത്തക‌ർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. 

അടൂർ പ്രകാശിനെ കെട്ടിപ്പുണർന്ന് സന്തോഷം അറിയിച്ചാണ് കോന്നിയിലെ സ്ഥാനാർത്ഥി പി.മോഹൻ രാജ് നാമനിർദേശ പത്രികാ സമർപ്പണത്തിന് പോയത്. കോന്നിയിലെ കോൺഗ്രസിന് വേണ്ടി ചെയ്ത കാര്യങ്ങളും നേതൃത്വത്തിൽ നിന്ന് അടക്കം നേരിട്ട പ്രതിസന്ധികളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു അടൂർ പ്രകാശിന്റെ പ്രസംഗം.എന്നാൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കാത്തതിലുള്ള അതൃപ്തി പൂ‌‌ർണമായും മാറിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അടൂ‌ർ പ്രകാശിന്റെ പ്രസം​ഗം. 

എന്നാൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് നി‌ർദ്ദേശിച്ച റോബിൻ പീറ്ററിന് ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും,  അടുത്ത മത്സരത്തിന് അവകാശവും നേതൃത്വം വാഗ്ദാനം ചെയ്തതായാണ് വിവരം. അടൂർ പ്രകാശിനും അനുകൂലികൾക്കുമെതിരെ അധിക്ഷേപം പാടില്ലെന്ന് എതിരാളികൾക്ക് ശക്തമായ താക്കീതും നേതൃത്വം നൽകിയിട്ടുണ്ട്. കോന്നിയിൽ ജയിച്ച് കയറിയേ മതിയാവൂ എന്ന് പ്രഖ്യാപിച്ച കൺവെൻഷനിൽ അടൂർ പ്രകാശിനെ മുൻനിർത്തിയുള്ള പ്രചാരണം കൂടി ഉറപ്പ് വരുത്തുകയായിരുന്നു ഇന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം.

അതേ സമയം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള ബിജെപിയിലെ  പ്രശ്നങ്ങൾക്ക് ഇന്നും അവസാനമായില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്കെതിരെ പ്രാദേശിക എതിർപ്പ് തുടരുകയാണ്. സമവായത്തിന് ആർഎസ്എസ് രംഗത്തുണ്ടെങ്കിലും കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിൽ പ്രതിഷേധമുള്ള ആർഎസ്എസ്, വട്ടിയൂർകാവിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. 

വൻ പ്രതീക്ഷയുള്ള വട്ടിയൂർകാവിലെയും മഞ്ചേശ്വരത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെയാണ് ബിജെപിയിൽ ആശയക്കുഴപ്പം ഉടലെടുത്തത്. രണ്ടിടത്തും ഗ്രൂപ്പ് താല്പര്യത്തിന് മുൻഗണന നൽകിയെന്നാണ് ഉയരുന്ന പരാതി. വെറും 89 വോട്ടിന് കഴിഞ്ഞ തവണ പോയ മഞ്ചേശ്വരത്ത് രവീഷ തന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്യപ്രതിഷേധമാണ് ഉയർന്നത്. കന്നഡ ബന്ധമുള്ള വോട്ടുകൾക്കപ്പുറത്ത് തന്ത്രിക്ക് വോട്ട് നേടാനാകില്ലന്നാണ് എതിർപ്പ് ഉയർത്തുന്നവരുടെ പ്രധാനപരാതി. കർണ്ണാടകയിലെ നേതാക്കളെ ഇറക്കി അനുനയത്തിനായി ആർഎസ്എസ് രംഗത്തുണ്ട്. സമവായത്തിനായി പികെ കൃഷ്ണദാസും എത്തി. പക്ഷെ കാര്യങ്ങൾ സു​ഗമമാകുന്നില്ലെന്നാണ് സൂചനകൾ.

മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ ആർഎസ്എസ് പിന്തുണക്കുന്നുണ്ടെങ്കിലും വട്ടിയൂർകാവിൽ സ്ഥിതി മറ്റൊന്നാണ്. ആർഎസ്എസ് ഇടപെട്ട് സ്ഥാനാർത്ഥിയാകാൻ കുമ്മനത്തെ സമ്മതിപ്പിച്ചിട്ടും അവസാനം വെട്ടിയതിലാണ് പ്രശ്നം. അവസാന നിമിഷത്തെ പേര് മാറ്റത്തിന്റെ ആശയക്കുഴപ്പങ്ങൾക്കിടെയും  കുമ്മനം രാജശേഖരൻ പക്ഷെ ബിജെപി സ്ഥാനാ‌ർത്ഥി എസ്.സുരേഷിനൊപ്പം പ്രചാരണത്തിൽ സജീവമാണ്.

നിയമസഭാ-ലോകസ്ഭാ തെരഞ്ഞെടുപ്പുകളിൽ തിരുവന്തപുരത്ത് പ്രചാരണത്തിൽ ബിജെപിക്ക് മുന്നിൽ ആർഎസ്എസ്സായിരുന്നു. സുരേഷിന് ആ പിന്തുണ ഉണ്ടാകുമോ എന്നതാണ് ബിജെപിയെ അലട്ടുന്ന പ്രശ്നം. ആർഎസ്എസസിനെ അനുനയിപ്പിക്കാൻ കുമ്മനത്തിന് ദേശീയതലത്തിൽ എന്തെങ്കിലും പദവി നൽകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

പത്രികാ സമ‌ർപ്പണം പൂ‌ർത്തിയായതോടെ പോരാട്ടവേദികൾ സജീവമാകുകയാണ്. ഒക്ടോബര്‍ 1 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. പത്രികകളുടെ സൂഷ്മ പരിശോധന ഒക്ടോബര്‍ 3ന് നടക്കും. 21ന് ആണ് വോട്ടെടുപ്പ് . ജനവിധി  24ന് അറിയാം. ഇനി തെരഞ്ഞെടുപ്പ് ഗോദയിലെ കാഴ്ചകൾക്കായി കാത്തിരിക്കാം.