കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് ചെങ്കൊടി പാറിക്കുമെന്നാണ് സര്‍വ്വെ ചൂണ്ടികാട്ടുന്നത്. കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വടകരയില്‍ പി ജയരാജന്‍ വിജയിക്കും. എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട്  മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വ്വെ പറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫ് തരംഗമെന്ന ദേശീയ മാധ്യമങ്ങളുടെ സര്‍വ്വെയടക്കം തള്ളികളയുന്ന പുതിയ പോസ്റ്റ് പോള്‍ സര്‍വ്വെയാണ് പുറത്തുവന്നത്. കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ സര്‍വ്വെയില്‍ വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കെ പി സതീഷ് ചന്ദ്രന്‍ തറപറ്റിക്കുമെന്ന് കൈരളി ടിവിയുടെ പോസ്റ്റ് പോള്‍ സര്‍വേ പറയുന്നു. കേരളത്തിലെ മറ്റ് രണ്ട് സര്‍വേകളെയും തള്ളിയാണ് കൈരളി ടിവിയുടെയും സിഇഎസിന്‍റെയും സര്‍വേ ഫലം. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം. അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വ്വ പറയുന്നു.

കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് ചെങ്കൊടി പാറിക്കുമെന്നാണ് സര്‍വ്വെ ചൂണ്ടികാട്ടുന്നത്. കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വടകരയില്‍ പി ജയരാജന്‍ വിജയിക്കും. എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വ്വെ പറയുന്നു. പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്കെത്തുമെന്ന സര്‍വ്വെകളെയും കൈരളി സി ഇ എസ് സര്‍വ്വെ തള്ളികളയുന്നു. എന്‍ ഡി എ യുടെ വോട്ട് വിഹിതം കുറയുമെന്നാണ് സര്‍വ്വെ പറയുന്നത്.

അതേസമയം രാഹുല്‍ ഗാന്ധി വയനാടില്‍ വമ്പന്‍ ജയം നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ലീഗ് കോട്ടകളായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നും സര്‍വ്വെ പറയുന്നു.

അതേസമയം കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.