Asianet News MalayalamAsianet News Malayalam

വടക്കൻ കേരളം ആരെ തുണയ്ക്കും? രാഹുൽ തരംഗത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമോ?

വടക്കൻ കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം 80 കടന്നിരുന്നു. ഇത് രാഷ്ട്രീയ പോരാട്ടത്തിനപ്പുറം ചില അടിയൊഴുക്കുകൾ നടന്നതിന്‍റെ സൂചനയാണ്. വയനാട്ടില്‍ രാഹുല്‍ തരംഗമുണ്ടാകുമെന്നും വോട്ടിംഗിലെ പ്രത്യേകതകള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഈ തരംഗം വയനാടിന് പുറത്തേക്ക് വ്യാപിക്കുമോ?

north kerala voting pattern trends
Author
Kozhikode, First Published Apr 24, 2019, 7:33 PM IST

കോഴിക്കോട്: വടക്കൻ കേരളത്തിൽ മലപ്പുറവും പൊന്നാനിയും പാലക്കാടും ഒഴികെയുള്ള മണ്ഡലങ്ങളലെല്ലാം വോട്ടിംഗ് ശതമാനം 80 കടന്നിരുന്നു. ഇത് രാഷ്ട്രീയ പോരാട്ടത്തിനപ്പുറം ചില അടിയൊഴുക്കുകൾ നടന്നതിന്‍റെ സൂചനയാണ്. വയനാട്ടില്‍ രാഹുല്‍ തരംഗമുണ്ടാകുമെന്നും വോട്ടിംഗിലെ പ്രത്യേകതകള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഈ തരംഗം വയനാടിന് പുറത്തേക്ക് വ്യാപിക്കുമോ?

രാഹുലിന്‍റെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്

north kerala voting pattern trends

കൽപ്പറ്റ, ബത്തേരി മാനന്തവാടി , തിരുവമ്പാടി, ഏറനാട് എന്നിവിടങ്ങളില്‍ പതിവില്ലാത്ത വിധം പോളിംഗ് ശതമാനം 80 കടന്നു. ഇത് രാഹുല്‍ പ്രഭാവം കാരണമാണെന്ന് പ്രാധമിക വിലയിരുത്തലിൽ തന്നെ വ്യക്തമാണ്. നിലമ്പൂരും വണ്ടൂരും രേഖപ്പെടുത്തിയ 77 ശതമാനം പോളിംഗും പതിവ് ശരാശരിക്ക് മുകളിലാണ്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗതമേഖലകളിലും ന്യൂനപക്ഷ, കാര്‍ഷികമേഖലകളിലും കനത്ത പോളിംഗാണ് നടന്നത്. ഉയർന്ന പോളിംഗ് നിരക്കിന്‍റെ ആത്മവിശ്വാസത്തിൽ രാഹുലിന്‍റെ ഭൂരിപക്ഷം കണക്കുകൂട്ടുന്ന തിരക്കിലാണ് വയനാട്ടിലെ യുഡിഎഫ്.

കണ്ണൂരും കാസർകോടും ഇരുപക്ഷത്തിനും ആശങ്കയും പ്രതീക്ഷയും

north kerala voting pattern trends

കണ്ണൂര്‍, കാസർഗോഡ് മണ്ഡലങ്ങളിലാകട്ടെ, എല്‍ഡിഎഫ് കേന്ദ്രങ്ങളായ പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ പോളിംഗ് ശതമാനം സര്‍വ്വകാല റെക്കോഡായിരുന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരത്തും കാസർകോട്ടും താരതമ്യേനെ പോളിംഗ് കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഇത് ഇടത് ക്യാംപിന്‍റെ പ്രതീക്ഷ വളര്‍ത്തുന്നു. അതേസമയം കണ്ണൂരിലെ മലയോര മേഖലയായ ഇരിക്കൂറിലും പേരാവൂരിലും മികച്ച പോളിംഗ് നടന്നതില്‍ യുഡിഎഫ് ക്യാംപിലും പ്രതീക്ഷയുണ്ട്.

വടകരയിൽ അടിയൊഴുക്കുകൾ നിർണ്ണായകമായേക്കും
north kerala voting pattern trends

വടകരയിലെ എല്‍ഡിഎഫിന്‍റെ ജയസാധ്യതയ്ക്ക് ആക്കം കൂട്ടുന്നത് കൂത്തുപറമ്പ്, തലശ്ശേരി എന്നിവടങ്ങളിലെ കനത്ത പോളിംഗാണ്. എന്നാല്‍ കുറ്റ‍്യാടി, നാദാപുരം, കൊയിലാണ്ടി തുടങ്ങിയ ന്യൂനപക്ഷ മേഖലകളിലും ഇത്തവണ കനത്ത പോളിംഗ് നടന്നിരുന്നു. ന്യൂനപക്ഷ വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടുണ്ട് എന്ന് സൂചനകളും പുറത്തുവരുന്നത് ഇടത് ക്യാംപില്‍ ആകാംക്ഷ പരത്തുന്നു. കോഴിക്കോട്ടെ നഗര മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോള്‍ സിപിഎമ്മില്‍ അപസ്വരങ്ങളുള്ള ബാലുശ്ശേരി, എലത്തൂർ എന്നിവിടങ്ങളില്‍ കനത്ത പോളിംഗ് നടന്നു. മുസ്ലീം കേന്ദ്രമായ കൊടുവള്ളിയിലും കുന്ദമംഗലത്തും മികച്ച പോളിംഗ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ ചോർന്നോ?

north kerala voting pattern trends

മലപ്പുറം, പൊന്നാനി എന്നിവടങ്ങളിലെ പോളിംഗ് ശതമാനം അതേസമയം അത്യുത്തര കേരളത്തിലെ വോട്ടിംഗിന്‍റെ പൊതുവായ കണക്കുകളോട് ഒട്ടും ചേര്‍ന്ന് നില്‍ക്കുന്നതല്ല. ഇവിടങ്ങളിൽ പോളിംഗ് താരതമ്യേന കുറവാണ്. ഈ മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 75 ആണ്. പ്രവാസി വോട്ടര്‍മാരുടെ സാന്നിധ്യം കൂടുതലുള്ള പൊന്നാനിയിലും മലപ്പുറത്തും അവരിൽ പലരും വോട്ട് ചെയ്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ പൊന്നാനിയില്‍ ആവർത്തിച്ചു എന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. എന്നാല്‍ എസിഡിപിഐ, പിഡിപി വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥി പി വി അൻവറിന് പോയെന്നും യുഡിഎഫ് ആരോപിക്കുന്നു. കോണ്‍ഗ്രസ് കേന്ദ്രമായ പൊന്നാനിയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും യുഡിഎഫിൽ തര്‍ക്കവിഷയമാകും. ഇവിടങ്ങളിലെ വോട്ടുകളിൽ നഷ്ടമുണ്ടായോ എന്ന ആശങ്കയിലാണ് യുഡിഎഫ്. എന്നിരുന്നാലും പരമ്പരാഗത കരുത്ത് തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ് വിജയപ്രതീക്ഷയിൽ തന്നെ.

പാലക്കാടും ആലത്തൂരും ഇടതുപക്ഷം ആത്മവിശ്വാസത്തിൽ

north kerala voting pattern trends

പാലക്കാട് എല്‍ഡിഎഫ് ക്യാമ്പിലാണ് പ്രതീക്ഷ കൂടുതല്‍. മലമ്പുഴ, കോങ്ങാട് എന്നിവടങ്ങളിൽ വോട്ടിംഗ് നിരക്ക്  ഉയര്‍ന്നതാണ് ഇടതിന്‍റെ ആത്മവിശ്വാസം ഉയർത്തുന്നത്. ഇതിനിടെ മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി എന്നിവടങ്ങളിലെ കണക്കുകളില്‍ ബിജെപി പ്രതീക്ഷ കാണുന്നു. ശബരിമല പ്രശ്നം ഇവിടെ പ്രതിഫലിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ആലത്തൂരിലെ പോളിംഗ് ശതമാനം 80 കടന്നത് യുഡിഎഫ് നടത്തിയ മികച്ച പോരാട്ടത്തിന്‍റെ സൂചനയാണെന്ന് വിലയിരുത്താം. എന്നിരുന്നാലും എൽഡിഎഫ് ക്യാമ്പിന്‍റെ കണക്കുകൂട്ടലുകളിൽ ആത്മവിശ്വാസമുണ്ട്.

പൊതുവെ വടക്കന്‍ കേരളത്തിലെ വോട്ടിംഗിനെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്വാധീനിച്ചു എന്നുവേണം വിലയിരുത്താൻ. ശബരിമല ഇവിടെ വലിയ സ്വാധീനമായില്ല. അക്രമരാഷ്ട്രീയവും ദേശീയപ്രശ്നങ്ങളും ഉയര്‍ത്തിയ പ്രചാരണമാണ് വടക്കൻ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചതെന്ന് പൊതുവിൽ പറയാം.

Follow Us:
Download App:
  • android
  • ios