ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍റെ ആസ്തിയില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ചിരട്ടി വര്‍ധന ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് സ്വന്തമായുള്ളത് 63.87 കോടി രൂപയുടെ ആസ്തി. അദ്ദേഹത്തിന്റെ ആസ്തിയില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ചിരട്ടി വര്‍ധന ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അഞ്ചാം വട്ടവും ഒഡീഷ നിയമസഭയിലേക്ക് ജനവിധി തേടുന്ന നവീന്‍ പട്‌നായികിന് ജംഗമസ്വത്തായുള്ളത് 23 ലക്ഷം രൂപയുടെ ആസ്തിയാണ്. കയ്യിലുള്ള പണം, ബാങ്ക് ബാലന്‍സ്, ആഭരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. 2014ലേതിനെക്കാള്‍ അഞ്ച് ലക്ഷം രൂപയുടെ വര്‍ധന ഇതിലുണ്ടായിട്ടുണ്ട്.

സ്ഥാവരസ്വത്തായി നവീന്‍ പട്‌നായികിന് 2014ല്‍ ഉണ്ടായിരുന്നത് 12 കോടി രൂപയുടെ ആസ്തിയാണ്. ഇത് ഇപ്പോള്‍ 63 കോടിയിലധികം രൂപയായി വര്‍ധിച്ചിട്ടുണ്ട്. നവീന്‍പട്‌നായികിന്റെയും സഹോദരി ഗീതയുടെയും കൂടി പേരിലുള്ള ആസ്തിയാണിത്. ദില്ലിയില്‍ എപിജെ അബ്ദുള്‍കലാം റോഡിലുള്ള 43 കോടി രൂപ വിലവരുന്ന വീടും ഒഡീഷയിലുള്ള 9.52 കോടി രൂപ വിലവരുന്ന നവീന്‍ നിവാസ് എന്ന വീടും ഇതിലുള്‍പ്പെടുന്നു. 

അദ്ദേഹത്തിന്റെ കയ്യില്‍ ഇപ്പോഴുള്ളത് 25,000 രൂപയാണ്. സ്വന്തമായുള്ള വാഹനം 1980 മോഡല്‍ അംബാസിഡര്‍ കാര്‍ ആണ്. ഈ കാറിന് ഇപ്പോള്‍ മൂല്യം 9000 രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു. ദില്ലിയിലും ഒഡീഷയിലുമുള്ള സ്ഥലങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് ആസ്തി അഞ്ചിരട്ടിയായി വര്‍ധിക്കാന്‍ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

ബിജു ജനതാദള്‍ നേതാവായ നവീന്‍ പട്‌നായിക് 2000 മുതല്‍ ഒഡീഷ മുഖ്യമന്ത്രിയാണ്. ഇക്കുറി ബിജെപൂര്, ഹിഞ്ജിലി നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രില്‍ 11,18,23,29 തീയതികളിലാണ് ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.