തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും വളരെയധികം ചര്‍ച്ചകളും സംവാദങ്ങളും സംഭവിക്കുന്ന നാടാണ് കേരളം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ പോലെയുള്ള ഇടങ്ങളില്‍ എത്രത്തോളം വനിതാ പൊതുപ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടുന്നു എന്ന കാര്യം ചര്‍ച്ചയാകേണ്ടതുണ്ട്. 1951 ലാണ് ആദ്യമായി ലോക്സഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. എഴുപത് വര്‍ഷം പിന്നിടുമ്പോൾ, പതിനാറ് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ലോക്സഭയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് വെറും എട്ട് വനിതകള്‍ മാത്രം.

വനിതാ വോട്ടർമാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള കേരളത്തിലാണ് എഴുപത് വർഷം കൊണ്ട് വെറും എട്ട് സ്ത്രീകൾ മാത്രം പാർലമെന്റിലെത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണത്തിൽ സ്ത്രീകൾ മത്സരിക്കുന്നതൊഴിച്ചാൽ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ സ്ത്രീ പങ്കാളിത്തം കുറവാണെന്ന് വേണം കരുതാൻ.

ആനി മസ്ക്രീൻ
1951 ൽ ലോക്സഭയിലെത്തിയ ആനി മസ്ക്രീൻ ആണ് ആദ്യ വനിതാ പാർലമെന്റേറിയൻ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായികയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു ഇവര്‍. തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ആനി മസ്ക്രീൻ മത്സരിച്ചത്. ആദ്യ ലോക്സഭയിലെ പത്ത് വനിതാ അം​ഗങ്ങളിലൊരാൾ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ടി കെ നാരായണ പിള്ളയെ 68,117 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇവർ ലോക്സഭയിലെത്തിയത്. തിരുവിതാംകൂറിലെ ഝാന്‍സിറാണി എന്നാണ് അക്കാലത്തെ പ്രശസ്ത അഭിഭാഷകനായ മള്ളൂൽ ​ഗോവിന്ദപ്പിള്ള ഇവരെ വിശേഷിപ്പിച്ചത്.

സുശീല ​ഗോപാലൻ
പത്ത് വർഷത്തിന് ശേഷം 1967 ൽ അമ്പലപ്പുഴയിൽ നിന്ന് സുശീലാ ​ഗോപാലനാണ് ലോക്സഭയിലെത്തിയ രണ്ടാമത്തെ വനിതാ അം​ഗം. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ‌ ഒരാൾ കൂടിയായിരുന്നു സുശീല ​ഗോപാലൻ. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സുശീല ​ഗോപാലൻ 50,277 വോട്ടുകൾക്ക് പി എസ് കാർത്തികേയനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് 1980 ൽ ആലപ്പുഴയിൽ നിന്നും 1991 ൽ ചിറയിൻകീഴ് നിന്നും രണ്ട് തവണ ലോക്സഭാം​ഗമായി. പല ഇടതു മന്ത്രിസഭകളിലെയും സജീവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു സുശീല ​ഗോപാലൻ. 1996 ലെ നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഭാർ​ഗവി തങ്കപ്പൻ
1971 ൽ ലോക്സഭയിലെത്തുന്ന ആദ്യ ദളിത് വനിതയാണ് ഭാർ​ഗവി തങ്കപ്പൻ. ദീർഘകാലം കേരള നിയമസഭാം​ഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇവർ. 1971-77 കാലഘട്ടത്തിൽ അഞ്ചാം ലോക്സഭയിൽ അടൂർ നിന്നുളള അം​ഗമായി പ്രവർത്തിച്ചു. സർക്കാർ സർവ്വീസിൽ നിന്നാണ് ഭാർ​ഗവി തങ്കപ്പൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരുന്നത്. ആദ്യ അങ്കത്തിൽ തന്നെ ഒന്നരലക്ഷം വോട്ടുകൾ നേടിയാണ് ഇവർ വിജയിച്ചത്. സംവരണ മണ്ഡലമായ അടൂരിൽ നിന്നുമാണ് ഇവർ മത്സരിച്ചത്. പി കെ കുഞ്ഞപ്പനായിരുന്നു എതിർ സ്ഥാനാർത്ഥി. 
 
സാവിത്രി ലക്ഷ്മണൻ
1991 ലും 1989 ലും മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നുമാണ് സാവിത്രി ലക്ഷ്മണൻ ലോക്സഭയിലെത്തിയത്. 1989 ൽ സിപിഎമ്മിലെ സി ഒ പൗലോസിനെ 18754 വോട്ടുകൾക്കാണ് ഇവർ തോൽപിച്ചത്. 1991 ൽ എ പി കുര്യനെ 12361 വോട്ടിന് പരാജയപ്പെടുത്തി രണ്ടാം തവണയും ജയിച്ചു. കോൺ​ഗ്രസ് ടിക്കറ്റിൽ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ച ഒരേയൊരു വനിതയാണ് സാവിത്രി ലക്ഷ്മണൻ. രണ്ട് തവണ ചാലക്കുടിയിൽ നിന്നും നിയമസഭയിലേക്കും ഇവർ മത്സരിച്ചിരുന്നു.

എ കെ പ്രേമജം
1998ൽ വടകരയിൽ നിന്നാണ് സിപിഎമ്മിലെ എ കെ പ്രേമജം വിജയിച്ചത്. കോൺഗ്രസിലെ പി എം സുരേഷ് ബാബുവിനെ 59,161 വോട്ടുകൾക്കാണ് പ്രേമജം തോൽപിച്ചത്. ഭൂരിപക്ഷം 25,844 ആയി കുറഞ്ഞെങ്കിലും 1991ൽ വീണ്ടും അതേ എതിരാളിയെ പരാജയപ്പെടുത്തി പ്രേമജം വീണ്ടും പാർലമെന്റിലെത്തി. മേയര്‍ പദവിയില്‍ നിന്നാണ് പ്രേമജം ലോക്സഭാ അംഗമായി മാറുന്നത്. 
 
സി എസ് സുജാത
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സി എസ് സുജാത സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2004 ൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. ജയിക്കുമെന്ന് എല്ലാവരും തീർത്തു പറഞ്ഞ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കെതിരെയാണ് പുതുമുഖമായ സുജാതയെ സിപിഎം മത്സരത്തിനിറക്കിയത്. അന്ന് സിറ്റിം​ഗ് എംപി രമേശ് ചെന്നിത്തലയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തി അന്ന് സിഎസ് സുജാത ചരിത്രം മാറ്റിയെഴുതി. മാവേലിക്കര മണ്ഡലത്തിൽ നിന്നും മറ്റൊരു വനിത ലോക്സഭയിലെത്തിയിട്ടില്ല. 7414 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് സുജാത വിജയിച്ചത്. 

പി സതീദേവി
പതിനാലാം ലോക്സഭാം​ഗമാണ് പി സതീദേവി. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുമാണ് ഇവർ ലോക്സഭയിലെത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോൾ പി. സതീദേവി. 2004 ൽ സിപിഎം സീറ്റിൽ മത്സരിച്ച സതീദേവി കോൺ​ഗ്രസിന്റെ എം ടി പത്മയെ 1,30, 589 വോട്ടിനാണ് തോൽപിച്ചത്. പതിനഞ്ചാം ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 

പി കെ ശ്രീമതി
കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയ വനിതകളിൽ എട്ടാം സ്ഥാനമാണ് ശ്രീമതി ടീച്ചർക്ക്. പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നുമായിരുന്നു ശ്രീമതി ടീച്ചർ മത്സരിച്ചത്. കെ സുധാകരനെ 6566 വോട്ടുകൾക്ക് തോൽപിച്ചാണ് ശ്രീമതി ടീച്ചർ ലോക്സഭാം​ഗമായത്. നിലവിൽ കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് ശ്രീമതി ടീച്ചർ.

2019 ലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നത് ആറ് വനിതകളാണ്. കണ്ണൂരിൽ നിന്നും പി കെ ശ്രീമതി ടീച്ചർ, പത്തനംതിട്ടയിൽ നിന്നും വീണാ ജോർജ്ജ്, ആലത്തൂരു നിന്നും രമ്യാ ഹരിദാസ്, ആലപ്പുഴയിൽ നിന്നും ഷാനിമോൾ ഉസ്മാൻ‌, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, പൊന്നാനിയിൽ കെ കെ രമ എന്നിവർ. പല മണ്ഡലങ്ങളിലും എതിർ സ്ഥാനാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തിയാണ് വനിതാ സ്ഥാനാർത്ഥികൾ നിലകൊള്ളുന്നത്.