Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിക്ക് സാധ്യതയേറുന്നു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തമ്മിലടിച്ച് ഗ്രൂപ്പുകൾ

കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കുമ്പോഴും അന്തിമ പട്ടികയിൽ തർക്കം തുടരുകയാണ്. ഐ- ഐ ​ഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് അവസാന നിമിഷവും നിലനിൽക്കുന്നത്. 

oommen chandi may contest says congress sources
Author
Delhi, First Published Mar 16, 2019, 11:40 AM IST

ദില്ലി: കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കുമ്പോഴും അന്തിമ പട്ടികയിൽ തർക്കം തുടരുകയാണ്. അതിനിടെ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്. ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു. തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരിച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് തിരിച്ച് വിളിപ്പിച്ചു. ഉമ്മൻചാണ്ടി മത്സരരംഗത്ത്  ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോൺഗ്രസ് ക്യാമ്പിൽ നിന്ന് വരുന്നത്. 

വയനാട് സീറ്റിനെ ചൊല്ലി എ ഐ ​ഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് അവസാന നിമിഷവും നിലനിൽക്കുന്നത്. വയനാട് സീറ്റ് കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ദിക്കിന് വേണമെന്ന് എ വിഭാഗം വാദിക്കുമ്പോൾ സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. കെപി അബ്ദുൾ മജീദിന്‍റെയും ഷാനിമോൾ ഉസ്മാന്‍റെയും പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. ആലപ്പുഴയിൽ നിന്ന് മാറി കെസി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാൻ എത്തുമോ എന്ന് വ്യക്തതയില്ലാത്തതിനാൽ  വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍റിനാണ്. 

ഇടുക്കിയിൽ ജോസഫ് വാഴക്കൻ വരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്പോൾ ഡീൻ കുര്യാക്കോസിന്‍റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസ് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍റാണെങ്കിലും ഹൈബി ഈഡന്‍റെ പേര് ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആന്‍റോ ആന്‍റണിയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാകും. തൃശൂരിൽ ടിഎൻ പ്രതാപന്‍റെ പേരിനാണ് പരിഗണന. ചാലക്കുടിയിൽ ബെന്നിബെഹ്നാനും കെപി ധനപാലനുമാണ് പട്ടികയിൽ. ഉമ്മൻചാണ്ടി സ്ഥാനാര്‍ത്ഥിയായാൽ പിന്നെ ബെന്നി ബഹ്നാന് സ്ഥാനാര്‍ത്ഥിയാകാൻ ഗ്രൂപ്പ് സമവാക്യം അനുവദിക്കുമോ എന്ന് വ്യക്തമല്ല. 

മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ വടകരയെ സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കണ്ണൂരിൽ കെ സുധാകരനും കാസര്‍കോട് ഐ സുബ്ബറേയും സാധ്യതാ പട്ടികയിൽ ഒന്നാമത് ഉണ്ട്. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും സാധ്യതാ സ്ഥാനാര്‍ത്ഥികളാണ്. പാലക്കാട്ട് വികെ ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥിയായേക്കും. 

 

Follow Us:
Download App:
  • android
  • ios