ദില്ലി: വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകമായ ക്രമക്കേടുകളും തിരിമറികളും നടക്കുന്നുവെന്ന വീഡിയോകളും പുറത്തു വന്ന സാഹചര്യത്തിൽ സ്ട്രോങ് റൂമുകളിൽ കാവലുമായി പ്രതിപക്ഷ പാ‍ർട്ടികൾ. കാവലിരിക്കാനുള്ള ടെന്‍റുകൾ കെട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. മധ്യപ്രദേശിലെ ഭോപ്പാലിൽ മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ ദിഗ്വിജയ് സിംഗ് നേരിട്ടാണ് രാത്രി കാവലിനെത്തിയത്. 

എല്ലാ പ്രവർത്തകരോടും അടുത്ത 24 മണിക്കൂർ നി‍ർണായകമാണെന്നും ജാഗ്രതയോടെ സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

ഉത്തർപ്രദേശിലെ മീററ്റിലും റായ്‍ബറേലിയിലും കോൺഗ്രസ് പ്രവർത്തകർ ഇവിഎം സ്ട്രോങ് റൂമുകൾക്ക് മുന്നിൽ 24 മണിക്കൂർ കാവലായിരുന്നു. ചണ്ഡീഗഢിൽ തിങ്കളാഴ്ച രാവിലെ മുതൽ വോട്ടിംഗ് യന്ത്രങ്ങൾ എങ്ങോട്ടും മാറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകർ കാവലിരിക്കുന്നു. സ്ട്രോങ് റൂമുകൾക്ക് ചുറ്റും കാവൽ നിൽക്കുന്ന കേന്ദ്രസേനയുടെ സിസിടിവി മോണിറ്ററിംഗ് കാണാൻ പാർട്ടികളുടെ പ്രതിനിധികൾക്ക് കഴിയും. വോട്ടെണ്ണൽ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുത്തു വച്ച് സീരിയൽ നമ്പറുകൾ ഒത്തുനോക്കുമ്പോൾ, അത് അതാത് പാർട്ടി പ്രതിനിധികൾക്കും പരിശോധിക്കാം. 

ഇവിഎമ്മുകൾ എണ്ണുംമുൻപ് വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിരുന്നു. ആദ്യം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കിൽ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ഡിഎംകെ നേതാവും തൂത്തുക്കുടി സ്ഥാനാർത്ഥിയുമായ കനിമൊഴി, വോട്ടിംഗ് യന്ത്രങ്ങൾ എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്ന് അവകാശപ്പെട്ടു. മുംബൈ പിസിസി അധ്യക്ഷനും മുംബൈ സൗത്ത് സ്ഥാനാർത്ഥിയുമായ മിലിന്ദ് ദേവ്‍റ, സ്ട്രോങ് റൂമുകൾക്ക് ചുറ്റുമുള്ള സുരക്ഷ കൂട്ടണമെന്നും സിസിടിവി ക്യാമറകളുടെ ഔട്ട് കാണാവുന്ന പാസ്‍വേഡ് പാർട്ടി പ്രതിനിധികൾക്ക് കൂടി കൈമാറണമെന്നും ആവശ്യപ്പെട്ടു.