ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അതീവ ജാ​ഗ്രത പുലർത്തി തെലങ്കാന. സംസ്ഥാനത്ത് നിന്ന് ഇതുവരെ 2.8 കോടി രൂപയാണ് പിടികൂടിയത്. രങ്ക റെഡ്ഡി ജില്ലയിലെ ചെക്ക് പോസ്റ്റിന് സമീപത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ മഹേശ്വർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് പണം കടത്തുന്നതിൽ പ്രധാനിയാണ് മഹേശ്വർ. പിടികൂടിയ തുക ആദായനികുതി വകുപ്പിന് കൈമാറിയതായി ചൈതന്യപുരി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നാല് പേരിൽ നിന്നായി 14.60 ലക്ഷം രൂപയും 286 ​ഗ്രാം സ്വർണവും പിടികൂടിയിരുന്നു. അലസ്ക ജം​ഗ്ഷനിൽ വച്ച് വാഹനത്തിൽ കടത്തുന്നതിനിടെയാണ് പണം പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.