പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

പാലക്കാട്: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ അഭിപ്രായം പറയാനില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി ഉള്ളതിനാൽ കൂടുതൽ പറയാനില്ല എന്ന് ബിജു പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ഇലക്ഷന്‍ കഴിഞ്ഞിട്ട് പറയാം. ആലത്തൂരില്‍ യുഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്നും പി കെ ബിജു വ്യക്തമാക്കി. 

പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇത് സംബന്ധിച്ച് രമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. 

അതേസമയം വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം നേതൃത്വവും രംഗത്തെത്തി. തെര‍ഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ നിലപാട്.