കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം വിശകലനത്തിനായൊന്നും സമയം ചെലവിട്ടില്ലെന്ന് എറണാകുളത്തെ ഇടത് സ്ഥാനാർത്ഥി പി രാജീവ്. നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്താൻ ശ്രമിച്ചു, നന്നായി പ്രവർത്തിച്ചു. ജനങ്ങൾ വിധിയെഴുതുകയും ചെയ്തു. അതിന് ശേഷം വിശകലനത്തിനൊന്നും പോയില്ലെന്ന് രാജീവ്. പൊതുപ്രവർത്തകന്‍റെ സാധാരണ തിരക്കുകളുണ്ട്. പക്ഷേ പ്രചാരണത്തിരക്ക് കഴിഞ്ഞപ്പോൾ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവിടാനാണ് പി രാജീവ് നോക്കിയത്.

സ്ഥാനാർത്ഥിയായപ്പോഴേ പി രാജീവ് ഒരു നിലപാടെടുത്തിരുന്നു. സ്വന്തം പോസിറ്റീവ് കാര്യങ്ങളേ പറയൂ, എതിർ സ്ഥാനാർത്ഥികളെയോ എതിർപക്ഷത്തെ രാഷ്ട്രീയപ്രവ‍ർത്തകരെയോ വ്യക്തിപരമായി കുറ്റം പറയില്ല. തെരഞ്ഞെടുപ്പിന് ശേഷവും പി രാജീവിന്‍റെ നയം അതുതന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ പ്രവർത്തകരോടൊപ്പം സ്വന്തം പ്രചാരണ സാമഗ്രികൾ നീക്കുന്ന തിരക്കിലായിരുന്നു.

ഭാര്യ വാണിക്കും മക്കളായ ഹൃദ്യക്കും ഹരിതക്കുമൊപ്പം ഉത്സവങ്ങളും പെരുന്നാളുമൊക്കെ കാണാൻ പോയി. സ്കൂൾ അവധി ആയതുകൊണ്ട് ഹൃദ്യയും ഹരിതയും പ്രചാരണകാലത്തും അച്ഛനൊപ്പം ഉണ്ടായിരുന്നു. അസുഖമായി ആശുപത്രിയിൽ പോയാൽ ഇഞ്ചക്ഷൻ എടുക്കാൻ പോലും അച്ഛൻ കൂടെ വേണം. അച്ഛനെ കൂടുതൽ ദിവസം സ്വന്തമായി കിട്ടിയ സന്തോഷത്തിലാണ് ഇരുവരും.അച്ഛൻ കുടമാറ്റം കാണാൻ കൊണ്ടുപോയ കാര്യം പറയാൻ മകൾക്ക് നൂറുനാവ്. അച്ഛൻ കൂടെ കളിക്കാനൊക്കെ വരും, പഠിക്കാനും സഹായിക്കും.. ഹൃദ്യയും ഹരിതയും പറയുന്നു.

ഭാര്യ വാണിയുടെ കമന്‍റ് ഇങ്ങനെ: "രാജീവേട്ടൻ ഇത്തിരി കറുത്തു, വയറ് കുറഞ്ഞു"

യമണ്ടൻ വോട്ടുകഥകൾ, പി രാജീവ്, വീഡിയോ കാണാം

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.