പി എസ് ശ്രീധരൻപിള്ള മത്സരിക്കുമെന്ന് ഉറപ്പായി. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ചേക്കുമെന്നാണ് സൂചന. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കും. തിരുവനന്തപുരം അല്ലെങ്കില്‍ പത്തനംതിട്ട മണ്ഡലത്തിലേക്കാവും അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ പരിഗണിക്കുക. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന് ശ്രീധരന്‍പിള്ള കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശ്രീധരന്‍പിള്ളയുമുണ്ടാകും. കുമ്മനം രാജശേഖരൻ മത്സരിക്കാനില്ലെങ്കില്‍ തിരുവനന്തപുരത്തോ, അല്ലെങ്കില്‍ പത്തനംതിട്ടയിലോ ആവും ജനവിധി തേടുക. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീധരന്‍പിള്ള മത്സരത്തിന് ഇറങ്ങുന്നത്. 

ശബരിമല സമരത്തിൽ പിള്ള അടിക്കടി നിലപാട് മാറ്റിയതിൽ ആർ എസ് എസിനു അതൃപ്‌തി ഉണ്ട്. എന്നാൽ മത്സരിക്കാനിറങ്ങും മുൻപ് ആർ എസ്‌ എസിനെ അനുനയിപ്പിക്കാൻ ആകുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നു. രണ്ട് മണ്ഡലങ്ങളിലേയും സാമുദായിക സംഘടനകളുടെ നിലപാടും പിള്ളക്ക് തുണയാകുമെന്നാണ് കണക്ക് കൂട്ടല്‍.