Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ മൃതദേഹം എണ്ണുന്നു, ഇനിയും ചിലര്‍ക്ക് തെളിവ് വേണം: പരിഹാസവുമായി മോദി

ഇന്ത്യ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോള്‍, ശത്രു പാളയത്തിലേക്ക് കടന്നു കയറി ആക്രമണം നടത്തുമ്പോള്‍ പ്രതിപക്ഷം തെളിവ് ചോദിക്കുന്നുവെന്ന് മോദി

Pak Still Counting Bodies, And Opposition Ask For Proof Says modi
Author
Bhubaneswar, First Published Mar 29, 2019, 12:55 PM IST

ഭുവനേശ്വര്‍: പാകിസ്ഥാന്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും പ്രതിപക്ഷം തെളിവുകള്‍ ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഒഡിഷയിലെ കൊറപുത്തില്‍ നടത്തിയ പ്രചാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''വ്യോമാക്രമണം നടന്നിട്ട് ഒരു മാസമായിരിക്കുന്നു. എന്നിട്ട് ഇപ്പോഴും പാകിസ്ഥാന്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ജനങ്ങള്‍ (പ്രതിപക്ഷം) തെളിവ് ചോദിച്ചുകൊണ്ടിരിക്കുകയാണ്... ഇന്ത്യ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോള്‍, ശത്രു പാളയത്തിലേക്ക് കടന്നു കയറി ആക്രമണം നടത്തുമ്പോള്‍ അവര്‍ തെളിവ് ചോദിക്കുന്നു'' - - ഫെബ്രുവരി 26ന് പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിക്കുകയായിരുന്നു മോദി. 

മിഷന്‍ ശക്തി പ്രഖ്യാപനത്തെ വിമര്‍ശിക്കുന്നതിനനെതിരെയും മോദി രംഗത്തെത്തി. ''രണ്ട് ദിവസം മുമ്പ് ഒഡീഷയും രാജ്യം മുഴുവനും ഒരു വലിയ കാര്യത്തിന് സാക്ഷിയായി. ഇന്ത്യ ഇപ്പോള്‍ ബഹിരാകാശത്തും ശക്തി തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ ബഹിരാകാശത്തും രാജ്യത്തിന് കാവല്‍ ഉണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്ന ഈ നിമിഷത്തിലും ചിലര്‍ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ആ നേട്ടങ്ങളെ അപമാനിക്കുകയും ചെയ്യുന്നു'' - മോദി പറഞ്ഞു. 

''ഇതിലൂടെ അവര്‍ നമ്മുടെ ശാസ്ത്രജ്ഞരെയാണ് അപമാനിക്കുന്നത്. ഇത്തരക്കാരെ ശിക്ഷിക്കേണ്ടെന്ന് നിങ്ങള്‍ പറയുമോ ? ഇത്തരം അശക്തരായ സര്‍ക്കാര്‍ വേണോ അതോ ശക്തരായ സര്‍ക്കാരോ ? '' മോദി ജനങ്ങളോട് ആവര്‍ത്തിച്ച് ചോദിച്ചു. 

ഏപ്രില്‍ 11 നാണ് ഒഡിഷയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 ല്‍ ഒരു സീറ്റ് മാത്രമാണ് ഒഡിഷയില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ലഭിച്ചത്. 147 നിയമസഭാ മണ്ഡലങ്ങളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ബിജെപി ജയിച്ചത്. 

Follow Us:
Download App:
  • android
  • ios